ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ചും സംവിധായകൻ രഞ്ജിത്തിനെതിരായ ബംഗാളി നടിയുടെ ആരോപണത്തിലെ സാംസ്കാരിക മന്ത്രിയുടെ നിലപാടിലും പ്രതികരിച്ച് സംവിധായകൻ ആഷിഖ് അബു. ഈ വിഷയം സംസാരിക്കാൻ സാമാന്യ ബുദ്ധിയുള്ള ആരെങ്കിലും വരണമെന്നും വേട്ടക്കാരന്റെ വിശദീകരണത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്നതാണ് മന്ത്രിയുടെ പ്രതികരണം എന്നും ആഷിക് അബു വ്യക്തമാക്കി.
മന്ത്രി സജി ചെറിയാന് രാഷ്ട്രീയമായി യാതൊരു വിവരവും ഇല്ലെന്ന് അദ്ദേഹം തെളിയിക്കുകയാണെന്നും മന്ത്രിക്ക് ആവശ്യമായ ക്ലാസ് പാർട്ടി കൊടുക്കണമെന്നും സംവിധായകൻ പരിഹസിച്ചു. ആരോപണ വിധേയനായ രഞ്ജിത്തിനെ പദവിയിൽ നിന്നും മാറ്റി നിർത്തേണ്ടതാണെന്നും മന്ത്രിയെ തിരുത്താൻ പാർട്ടി തയ്യാറാറാവണമെന്നും സംവിധായകൻ പറഞ്ഞു. രഞ്ജിത്തിനെതിരായ നടിയുടെ പരാമർശം ആരോപണം അല്ലെന്നും വെളിപ്പെടുത്തൽ ആണെന്നും ആഷിഖ് അബു കൂട്ടിച്ചേർത്തു.
സാംസ്കാരിക മന്ത്രി പറയുന്നത് സാമാന്യ ബുദ്ധി വെച്ച് മനസ്സിലാകുന്നില്ല. സജി ചെറിയാൻ വലിയൊരു മുന്നേറ്റത്തിന് എതിരെ നിൽക്കുകയാണെന്നും ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നപ്പോൾ മുതൽ വിഷയത്തിൽ ഇടതുപക്ഷ മന്ത്രിമാർക്ക് ആശയക്കുഴപ്പമുണ്ടെന്നും ആഷിഖ് അബു കുറ്റപ്പെടുത്തി.
സിനിമാ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയുടെ ഇതുവരെയുണ്ടായ പ്രസ്താവനകളൊന്നും ഇടതുപക്ഷത്തിന്റെ നയങ്ങളോട് ചേർന്നു നിൽക്കാത്തതാണ്. പരാതി ഉന്നയിച്ച സ്ത്രീയും ഒരു ഇടതു സഹയാത്രികയാണ്. പരാതിക്കാരിയുടെ പരാതിയെപറ്റി അന്വേഷിക്കാതെ വേട്ടക്കാരന്റെ വിശദീകരണത്തിൽ ഒതുങ്ങുകയാണ് മന്ത്രി.
സർക്കാറിന്റെ പ്രഖ്യാപിത നിലപാടല്ല സജി ചെറിയാനിലൂടെ പുറത്തുവരുന്നത്. സജി ചെറിയാൻ വിചാരിച്ചാൽ ആരെയും സംരക്ഷിക്കാൻ കഴിയില്ലെന്നും ഇങ്ങനെ പറയുന്നത് എന്തുകൊണ്ടാണെന്ന് താനും ആശ്ചര്യപ്പെടുകയാണെന്നും ഉടൻ വിഷയത്തിൽ ആവശ്യമായ തിരുത്തലുകൾ നടത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ആഷിക് അബു പറഞ്ഞു.
ഹേമ കമ്മറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട നടൻ ജഗദീഷിന്റെ വാക്കുകൾ പ്രതീക്ഷ നൽകുന്നതാണെന്നും സിദ്ദിഖ് നല്ല നടൻ ആണെന്നും, ഇന്നലെയും അദ്ദേഹം അഭിനയിക്കുന്നതായാണ് കണ്ടതെന്നും ആഷിഖ് കുറ്റപ്പെടുത്തി.