Spread the love

ലഹരിക്കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത പൊലീസ് നടപടിക്കെതിരെ ഷൈൻ ടോം ചാക്കോ കോടതിയെ സമീപിച്ചേക്കും. എഫ്ഐആർ റദ്ദാക്കാനുള്ള സാധ്യത തേടി ഷൈൻ അഭിഭാഷകരെ സമീപിച്ചു. ദുർബലമായ എഫ്ഐആറാണ് പൊലീസ് ചുമത്തിയതെന്ന് ഷൈനിന് നിയമോപദേശം ലഭിച്ചത്. ശരീര സ്രവങ്ങളുടെ ശാസ്ത്രീയ പരിശോധന ഫലം വന്നശേഷം ഫലം അനുകൂലമെങ്കിൽ എഫ്ഐആർ റദ്ദാക്കാൻ നിയമനടപടികൾ തുടങ്ങിയേക്കും.

അതേസമയം സിനിമാ സെറ്റിൽ നടൻ മോശമായി പെരുമാറിയെന്ന് വെളിപ്പെടുത്തിയ നടി വിൻസിക്ക് പൂർണ പിന്തുണയെന്ന് മന്ത്രി എംബി രാജേഷ്. വിൻസിയുമായി ഇന്നലെ സംസാരിച്ചുവെന്ന് എംബി രാജേഷ് പറഞ്ഞു. അന്വേഷണ നടപടികളുമായി സഹകരിക്കുമെന്ന് വിൻസി പറഞ്ഞു. തുറന്ന് പറഞ്ഞതിന് സിനിമ പ്രവർത്തകർ ഒറ്റപ്പെടുത്തുന്ന പ്രവണത ശരിയല്ലെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.

അതേസമയം ലഹരിക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട നടൻ ഷൈൻ ടോം ചാക്കോക്കെതിരെ എൻഡ‍ിപിഎസ് 27 (ബി), 29 വകുപ്പുകളും ഭാരതീയ നിയമ സംഹിതയിലെ 237, 238 പ്രകാരം തെളിവ് നശിപ്പിക്കൽ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇത്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനും ശാസ്ത്രീയ വൈദ്യ പരിശോധനകൾക്കും ശേഷമാണ് ഷൈന് പുറത്തിറങ്ങിയത്. ഷൈൻ തെളിവ് നൽകാതിരിക്കാൻ രക്ഷപ്പെട്ടെന്നാണ് എഫ്ഐആറില്‍ പറയുന്നത്.

Leave a Reply