മലപ്പുറം: ജില്ലയിൽ കോവിഡ് തീവ്രവ്യാപനം റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ആരോഗ്യമന്ത്രി വീണ ജോർജിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു.
ഓൺലൈനായി ആയിരുന്നു യോഗം ചേർന്നത്.പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ മന്ത്രി നിർദേശം നൽകി. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറച്ചുകൊണ്ടുവരാൻ ഊർജിത ടെസ്റ്റിങ് പ്ലാൻ നടപ്പാക്കും. ഇതനുസരിച്ച് പ്രതിദിനം 20,000 മുതൽ 25,000 വരെ ടെസ്റ്റുകൾ നടത്തും. ഇതോടൊപ്പം സർവയലൻസ് സാമ്പിളുകളും പരിശോധിക്കും.
രോഗം സ്ഥിരീകരിക്കുന്നവർക്ക് ഡിസിസി, സിഎഫ്എൽടിസി എന്നിവിടങ്ങളിൽ പ്രവേശനം ഉറപ്പ് വരുത്താനും മന്ത്രി നിർദേശം നൽകി. ഹോം ഐസോലേഷനിലുള്ളവർ നിർബന്ധമായും ഐസൊലേഷൻ മാനദണ്ഡങ്ങൾ പാലിക്കണം. മുഴുവൻ രോഗികൾക്കും, പ്രത്യേകിച്ച് വയോജനങ്ങളുടേയും മറ്റസുഖമുള്ളവരുടേയും വിവരങ്ങൾ ദിവസവും അന്വേഷിച്ച് ചികിത്സ ഉറപ്പുവരുത്തണം. സിഎഫ്എൽടിസി, സിഎസ്എൽടിസി എന്നിവിടങ്ങളിൽ ഓക്‌സിജൻ ലഭ്യത ഉറപ്പുവരുത്തണം. സിഎഫ്എൽടിസികളിൽ ഓക്‌സിജൻ കോൺസണ്‍ട്രേറ്റർ വച്ച് രോഗികളെ സംരക്ഷിക്കാവുന്നതാണെന്നും മന്ത്രി നിർദേശിച്ചു. മഞ്ചേരി മെഡിക്കൽ കോളേജ്, ദയ കോവിഡ് ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ ലിക്വിഡ് ഓക്‌സിജൻ ടാങ്ക് സ്ഥാപിക്കുന്നതിനും മഞ്ചേരി മെഡിക്കൽ കോളേജിൽ ബാക്കി വരുന്ന ചെറിയ ല്വിക്വിഡ് ഓക്‌സിജൻ ടാങ്കുകൾ ജില്ലയിലെതന്നെ മറ്റ് ആശുപത്രികളിൽ മാറ്റി സ്ഥാപിക്കാനും നിർദേശം നൽകി.
ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ ഖോബ്രഗഡെ, എൻഎച്ച്എം സംസ്ഥാന മിഷൻ ഡയറക്ടർ ഡോ. രത്തൻ ഖേൽക്കർ, ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. ആർ രമേഷ്, ഡിഎംഒ ഡോ. കെ സക്കീന, ഡിപിഎം ഡോ. ഷിബുലാൽ, മഞ്ചേരി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ, സൂപ്രണ്ട്, ആശുപ്രതി സൂപ്രണ്ടുമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.