Spread the love

തൊടുപുഴ∙ ഇടുക്കി വെള്ളിയാമറ്റത്ത് കപ്പത്തൊണ്ടു കഴിച്ച 13 കന്നുകാലികൾ കൂട്ടത്തോടെ ചത്ത കുട്ടിക്കർഷകരുടെ വീട്ടിൽ മന്ത്രിമാരെത്തി. മന്ത്രിമാരായ ജെ.ചിഞ്ചുറാണി, റോഷി അഗസ്റ്റിൻ എന്നിവരാണ്, ഉപജീവനമാർഗം നഷ്ടമായ കുട്ടികളുടെ വീട്ടിൽ ആശ്വാസ വാക്കുകളുമായി വന്നത് . കന്നുകാലികൾ കൂട്ടത്തോടെ ചത്തതിനെ ദുരന്തമായാണ് സർക്കാർ കാണുന്നതെന്ന് ക്ഷീരവികസന വകുപ്പുമന്ത്രി ചിഞ്ചുറാണി പറഞ്ഞു. മന്ത്രിമാർ ഇവരുടെ വീട്ടിലെ തൊഴുത്തിലും സന്ദർശനം നടത്തി.

പിന്നാലെ നടൻ ജയറാമും അദ്ദേഹത്തിന്റെ പുതിയ ചിത്രമായ ‘അബ്രാഹം ഓസ്‍ലറിന്റെ’ അണിയറപ്രവർത്തകരും സഹായവുമായി ഇവരുടെ വീട്ടിലെത്തിയിരുന്നു. വെള്ളിയാമറ്റം കിഴക്കേപറമ്പിൽ മാത്യു ബെന്നി (15) എന്ന പത്താംക്ലാസുകാരൻ വളർത്തിയ പശുവും കിടാവും മൂരിയും ഉൾപ്പെടെ 13 കന്നുകാലികളാണു ഭക്ഷ്യവിഷബാധ മൂലം ചത്തത്. അമ്മ ഷൈനിയും ചേട്ടൻ ജോർജും അനുജത്തി റോസ്മേരിയും ഉൾപ്പെട്ട കുടുംബത്തിന്റെ ഏക ഉപജീവനമാർഗവുമായിരുന്നു ഇവ.

കുടുംബത്തിന് ആവശ്യമായ എല്ലാ സഹായവും സർക്കാർ നൽകുമെന്ന് മന്ത്രിമാർ അറിയിച്ചു. കുടുംബത്തിന് അഞ്ച് പശുക്കളെ സൗജന്യമായി നൽകും. അടുത്ത ആഴ്ച തന്നെ പശുക്കളെ കൈമാറും. മാട്ടുപ്പെട്ടിയിൽനിന്ന് എത്തിക്കുന്ന നല്ലയിനം പശുക്കളെയാണ് നൽകുന്നത്. ഒരു മാസത്തേക്കുള്ള കാലിത്തീറ്റയും സൗജന്യമായി നൽകും. ഇന്നുതന്നെ മിൽമ അടിയന്തര സഹായമായി 45,000 രൂപ ഇവർക്കു കൈമാറുമെന്നും മന്ത്രി പറഞ്ഞു. കൂടുതൽ ധനസഹായം നാളത്തെ മന്ത്രിസഭാ യോഗത്തിൽ തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു.

സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻതന്നെ മന്ത്രി ചിഞ്ചുറാണി കുട്ടികളെ ഫോണിലൂടെ ബന്ധപ്പെട്ട് വിവരം അന്വേഷിക്കുകയും വീട്ടിലെത്തുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് മന്ത്രിമാരുടെ സന്ദർശനം.

‘‘ഞായറാഴ്ച രാത്രിയാണ് ഞങ്ങൾ ഇത്തരമൊരു സംഭവം അറിയുന്നത്. മാത്യു നേരിട്ട് അഡീഷനൽ സെക്രട്ടറിയെ വിളിച്ചിരുന്നു. അവിടെനിന്നാണ് ഡോക്ടർമാർ ഉൾപ്പെടെ ആവശ്യമായ എല്ലാ ഏർപ്പാടും ചെയ്തുകൊടുത്തത്. ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ഇത്രയും പശുക്കൾ ഒരുമിച്ചു മരണപ്പെടുന്നത് ആദ്യത്തെ സംഭവമാണ്. എന്താണ് സംഭവിച്ചതെന്ന് നമുക്ക് അറിയണമായിരുന്നു. അതിനായി ഡോക്ടർമാർ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരുക്കി. പശുക്കളെ മറവു ചെയ്യാനുള്ള ഏർപ്പാടും ചെയ്തുകൊടുത്തു.’’ – മന്ത്രി ചിഞ്ചുറാണി പറഞ്ഞു.

Leave a Reply