ന്യൂദല്‍ഹി: പൊതുരംഗത്തുള്ളവരുടെ വിദേശ യാത്രയ്ക്ക് കര്‍ശന നിര്‍ദ്ദേശവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ജനപ്രതിനിധികള്‍, ജഡ്ജിമാര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ വിദേശ യാത്രയ്ക്ക് മുമ്പ്് ഓണ്‍ലൈനായി അനുമതി തേടിയിരിക്കണമെന്നാണ് നിര്‍ദ്ദേശം. ജനപ്രതിനിധികളുടെ വിദേശയാത്രയ്ക്ക് സ്‌പോണ്‍സറുണ്ടെങ്കില്‍ കേന്ദ്ര അനുമതി വേണം.
യാത്രയ്ക്ക് രണ്ടാഴ്ച മുന്‍പെങ്കിലും അപേക്ഷ നല്‍കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. fcraonline.nic.in എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. വിദേശയാത്രയ്ക്ക് പോകുമ്പോള്‍ വിമാന ടിക്കറ്റ്, പണം, താമസ സൗകര്യം, ചികിത്സ ചെലവ്, മറ്റ് യാത്ര ചെലവുകള്‍ എന്നിവ സര്‍ക്കാര്‍ വഹിക്കുകയാണെങ്കില്‍ അത് വിദേശ യാത്ര ചെലവില്‍ ഉള്‍പ്പെടുത്തും. എന്നാല്‍ വിദേശയാത്രയ്ക്കിടെ അടിയന്തര ചികിത്സ ആവശ്യമായി വന്നാല്‍ ഇത്തരത്തില്‍ മുന്‍കൂര്‍ അനുമതിയുടെ ആവശ്യമില്ല. അതേസമയം ചികിത്സാച്ചെലവ് ഒരു ലക്ഷത്തിന് മുകളിലാണെങ്കില്‍ ഒരു മാസത്തിനകം മുഴുവന്‍ വിശദാംശങ്ങളും കേന്ദ്രത്തെ അറിയിക്കണം.
യാത്ര ചെയ്യുന്നത് സര്‍ക്കാര്‍ ജീവനക്കാരാണെങ്കില്‍ മാതൃവകുപ്പിന്റെയോ മന്ത്രാലയത്തിന്റെയോ അനുമതി നിര്‍ബന്ധമാണ്. യു. എന്‍, ലോകബാങ്ക്, ഐ. എം. എഫ് ഉള്‍പ്പെടെയുള്ള വിദേശ സ്രോതസ്സുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. വിദേശത്തു താമസിക്കുന്ന ഇന്ത്യന്‍ പൗരന്റെ ആതിഥേയത്വം സ്വീകരിക്കുന്നതിനും സ്വന്തം ചെലവില്‍ വിദേശ യാത്രയ്ക്ക് പോകുമ്പോഴും മുന്‍കൂര്‍ അനുമതി വേണ്ട. എന്നാല്‍ ആതിഥേയത്വത്തിനുള്ള അപേക്ഷ യാത്രയ്ക്കുള്ള അഡ്മിനിസ്ട്രേറ്റീവ് ക്ലിയറന്‍സ് അല്ലെന്നും അതിനായി പ്രത്യേക അപേക്ഷ നല്‍കണമെന്നും പുതുക്കിയ നിർദേശത്തിൽ പറയുന്നു.