മക്ക: ഉംറകൾക്കിടയിലെ സമയ പരിധി പത്ത് ദിവസമാക്കി ഉയർത്തി ഹജ്ജ് ഉംറ മന്ത്രാലയം. കൊവിഡ് വർധനവിനെ തുടർന്നാണ് നടപടി. മക്കയിലെ ഹറം പള്ളി കാര്യാലയം അംഗീകരിച്ച മുൻകരുതൽ നടപടികളുടെ ഭാഗമായാണ് ഉംറ ആവർത്തന ഇടവേള പത്തു ദിവസമായി ഉയർത്താൻ കാരണമെന്ന് മന്ത്രാലയം പറഞ്ഞു. രാജ്യത്ത് കൊറോണ കേസുകൾ ഗണ്യമായി കുറഞ്ഞതോടെ രണ്ട് ഉംറ കൾക്കിടയിലെ ഇടവേള ഹജ്, ഉംറ മന്ത്രാലയം ഒഴിവാക്കിയിരുന്നു.
ഇതോടെ, ഒരു ഉംറ ചെയ്ത ഉടൻ തന്നെ പുതിയ പെർമിറ്റ് നേടാൻ സാധിക്കുമായിരുന്നു. ഈ നടപടിക്കാണ് വീണ്ടും നിയന്ത്രണമേർപ്പെടുത്തിയിരിക്കുന്നത്. കൊവിഡ് കുത്തനെ ഉയരുന്ന നിലവിലെ സാഹചര്യത്തിൽ വിശുദ്ധ ഹറമിലെ തിരക്ക് കുറക്കുകയെന്ന ലക്ഷ്യത്തോടെയാണ് മന്ത്രാലയ നീക്കം.