ആരാധകര്‍ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ടൊവിനോ തോമസിന്റെ മിന്നല്‍ മുരളി. സൂപ്പര്‍ഹീറോ ആയാണ് ചിത്രത്തില്‍ ടൊവിനോ പ്രത്യക്ഷപ്പെടുന്നത്. ഇപ്പോള്‍ ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്റര്‍ പുറത്തുവന്നിരിക്കുകയാണ്. സൂപ്പര്‍ഹീറോ വേഷത്തില്‍ നില്‍ക്കുന്ന ടൊവിനോ ആണ് പോസ്റ്ററില്‍.
തീയും പുകയും നിറഞ്ഞിടത്ത് നില്‍ക്കുകയാണ് മിന്നല്‍ മുരളി. സ്‌പൈഡര്‍ മാന്റേതു പോലുള്ള സൂപ്പര്‍ഹീറോ വേഷവും അണിഞ്ഞിട്ടുണ്ട്. ആദ്യത്തെ പോസ്റ്ററില്‍ തോര്‍ത്തുവച്ചാണ് മുഖം മൂടിയിരുന്നതെങ്കില്‍ ഇപ്പോള്‍ പുറത്തുവന്ന പോസ്റ്ററില്‍ മാസ്‌കാണ് ഉപയോഗിച്ചിരിക്കന്നത്. ഇതാണ് അവന്റെ വിധി എന്ന അടിക്കുറിപ്പിലാണ് ടൊവിനോ തോമസ് പോസ്റ്റര്‍ പുറത്തുവിട്ടത്. ഓണം റിലീസായി ചിത്രം തിയറ്ററുകളില്‍ എത്തുമെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.
എന്തായാലും ആരാധകരുടെ കയ്യടി നേടുകയാണ് പോസ്റ്റര്‍. മലയാളത്തിന്റെ സ്വന്തം സൂപ്പര്‍ഹീറോ ആണിതെന്നാണ് ആരാധകരുടെ കമന്റ്. കൂടാതെ പോസ്റ്റര്‍ കണ്ടപ്പോള്‍ ശക്തിമാനെ ഓര്‍മവന്നുവെന്നും ആരാധകര്‍ പറയുന്നു. മലയാളത്തിന് പുറമെ, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ, ഇംഗ്ലീഷ് ഭാഷകളിലേയും പോസ്റ്ററും പുറത്തുവന്നു. ചിത്രത്തിന്റെ ഒടിടി റൈറ്റ് നെറ്റ്ഫഌക്‌സിനാണ്.
ബേസില്‍ ജോര്‍ജാണ് സൂപ്പര്‍ഹീറോ ചിത്രത്തിന്റെ സംവിധായകന്‍. വീക്കെന്‍ഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോലാണ് നിര്‍മാണം. തിരക്കഥ തയാറാക്കിയത് അരുണ്‍. ജസ്റ്റിന്‍, സമീര്‍ താഹിറാണ് ഛായാഗ്രഹണം. വഌഡ് റിംബര്‍ഗാണ് ആക്ഷന്‍ ഡയറക്ടര്‍.