ന്യൂഡൽഹി: ജനസംഖ്യയിൽ കുറവുള്ള സംസ്ഥാനങ്ങളിൽ ഹിന്ദുക്കൾക്ക് ന്യൂനപക്ഷ പദവി അനുവദിക്കുന്നതു സംബന്ധിച്ച് സംസ്ഥാനങ്ങളുമായി ചർച്ച നടത്താൻ കേന്ദ്ര സർക്കാരിന് സുപ്രീംകോടതി മൂന്നുമാസത്തെ സമയം അനുവദിച്ചു.
ഭരണഘടനയുടെ 30-ാം വകുപ്പ് അനുസരിച്ച് സംസ്ഥാനങ്ങൾക്ക് ഇക്കാര്യം തീരുമാനിക്കാമെന്നായിരുന്നു കേന്ദ്രത്തിന്റെ മുൻനിലപാട്. കേസ് ഇന്നലെ പരിഗണിക്കുന്ന പശ്ചാത്തലത്തിൽ തിങ്കളാഴ്ച രാത്രി അടിയന്തരമായി പുതിയ സത്യവാങ്മൂലം നൽകുകയായിരുന്നു. കേസ് ഇനി പരിഗണിക്കുന്ന ആഗസ്റ്റ് 30ന് മുമ്പ് ചർച്ചയുടെ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാൻ ജസ്റ്റിസ് സഞ്ജയ് കൗൾ അദ്ധ്യക്ഷനായ ബെഞ്ച് നിർദ്ദേശിച്ചു.
സംസ്ഥാനങ്ങൾക്ക് അധികാരം നൽകിയാൽ ദൂരവ്യാപകവുംഅപ്രതീക്ഷിതവുമായ പ്രത്യാഘാതമുണ്ടാകുമെന്നാണ് കേന്ദ്രത്തിന്റെ പുതിയ നിലപാട്. സമഗ്ര ചർച്ച നടത്തി തീരുമാനമെടുക്കേണ്ട വിഷയമാണ്. സംസ്ഥാനങ്ങളുമായി ചർച്ച ചെയ്ത് തീരുമാനമെടുക്കാമെന്നും പുതിയ സത്യവാങ്മൂലത്തിൽ പറയുന്നു. ഇത്തരം വിഷയങ്ങൾ ചർച്ചയിലൂടെ പരിഹരിക്കുന്നതാണ് നല്ലതെന്ന് കോടതി പറഞ്ഞു.
ന്യൂനപക്ഷ പദവി ആവശ്യപ്പെട്ട് അഭിഭാഷകനായ അശ്വനി കുമാറാണ് സുപ്രീം കോടതിയെ സമീപിച്ചത്. നിലവിൽ മുസ്ലിം, കൃസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്സി, ജൈന മതക്കാർക്കാണ് ന്യൂനപക്ഷ പദവിയുള്ളത്.