
തിരുവനന്തപുരം: കുറവൻകോണത്ത് വീട്ടിൽ അതിക്രമിച്ച് കയറിയ കേസിൽ പ്രതി അറസ്റ്റിൽ. മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിന്റെ ഡ്രൈവർ മലയൻകീഴ് സ്വദേശി സന്തോഷ് ആണ് അറസ്റ്റിലായത്. ഇയാളുടെ സി.സി.ടി.വി. ദൃശ്യങ്ങൾ അടക്കം പുറത്തുവന്നിരുന്നു. ഇയാൾ തന്നെയാണോ മ്യൂസിയത്ത് യുവതിയെ അതിക്രമിച്ചത് എന്ന കാര്യമാണ് ഇനി വ്യക്തമാകേണ്ടത്.
കുറവൻകോണത്തെ വീട്ടിൽ കയറിയ ആൾ തന്നെയാണ് തന്നെ അതിക്രമിച്ചത് എന്ന കാര്യം മ്യൂസിയത്ത് അതിക്രമത്തിന് ഇരയായ യുവതി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കുറവൻകോണത്തെ വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതിയെ ഇപ്പോൾ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. വീട്ടിൽ അതിക്രമിച്ച് കയറിയ കേസ് പേരൂർക്കട പോലീസ് സ്റ്റേഷൻ പരിധിയിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പേരൂർകട പോലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്ത ശേഷമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മ്യൂസിയം പോലീസ് പരിധിയിൽ നടന്ന യുവതിയെ അതിക്രമിച്ച കേസിൽ ഇയാളാണോ പ്രതി എന്ന കാര്യം ഇനി പോലീസ് കണ്ടെത്തേണ്ടിയിരിക്കുന്നത്.
മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലെ താത്കാലിക ജോലിക്കാരനാണ് ഇയാൾ എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ബാക്കിയുള്ള അന്വേഷണം നടക്കുന്നുണ്ടെന്നും പോലീസ് മാധ്യമങ്ങളോട് വ്യക്തമാക്കി. മ്യൂസിയത്ത് യുവതിയെ അതിക്രമിച്ചതുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണെന്ന് പോലീസ് പറഞ്ഞു.