
കൊല്ലം: പന്തളത്ത് അച്ഛനൊപ്പം ഉത്സവ കച്ചവടത്തിനെത്തിയ പത്ത് വയസ്സുകാരനെ കാണാതായത് സ്ഥലത്ത് പരിഭ്രാന്തി സൃഷ്ടിച്ചു.
പന്തളം വലിയകോയിക്കല്‍ ധര്‍മ്മശാസ്ത്രാക്ഷേത്രത്തിലെ തിരുവാതിര ഉത്സവത്തിന് വളക്കച്ചവടത്തിനെത്തിയ പത്തനംതിട്ട സീതത്തോട് സ്വദേശി കുമാറിന്റെ മകന്‍ കാര്‍ത്തിക്കിനെയാണ് ഞായറാഴ്ച പുലര്‍ച്ചെ കാണാതായത്. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ കുട്ടിയെ കണ്ടെത്താനായി.
ഉത്സവത്തിനെത്തിയ കാര്‍ത്തിക് പുലര്‍ച്ചെ മൂന്ന് മണിയോടെ കുമാറിന്റെ കടയ്ക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ പിന്നില്‍ കയറിക്കിടന്ന് ഉറങ്ങി.
പിന്നില്‍ കുട്ടിയുള്ളതറിയാതെ ലോറിക്കാര്‍ സിമന്റെടുക്കാനായി തമിഴ്‌നാട്ടിലേക്ക് പുറപ്പെട്ടു. ഇതിനിടെ രാവിലെ എട്ടരയോടെ ലോറി ആര്യങ്കാവിലെത്തിയപ്പോള്‍ പിന്നില്‍ നിന്ന് കുട്ടിയുടെ കരച്ചില്‍ കേട്ട് ഡ്രൈവര്‍ വണ്ടി നിര്‍ത്തി. കുട്ടിയെക്കണ്ട ലോറിക്കാര്‍ ഉടന്‍ തന്നെ ആര്യങ്കാവ് പൊലീസ് ഔട്ട്‌പോസ്റ്റില്‍ അറിയിച്ചു. പൊലീസുദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കുട്ടിയെ ഏറ്റെടുത്തു.
ഇതിനിടെ കാര്‍ത്തിക്കിനെ കാണാതെ പരിഭ്രാന്തനായ അച്ഛന്‍ കുമാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പന്തളം സ്റ്റേഷനില്‍ നിന്ന് കുട്ടിയെ കാണാതായെന്ന സന്ദേശം കിട്ടിയിരുന്നതിനാല്‍ കാര്‍ത്തിക്കിനെ തിരിച്ചറിയുന്നത് എളുപ്പമായി. രാവിലെ പത്ത് മണിയോടെ തന്നെ കുട്ടിയെ കൈമാറി.