കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് കാണാതായ കുട്ടി ഇനി അജയ; ജനനം മുതല്‍ പോരാടി വിജയിച്ചവളെന്ന് അച്ഛൻ
ജനിച്ചതിന് തൊട്ടുപിന്നാലെയുണ്ടായ പരീക്ഷണങ്ങളെ അതിജീവിച്ച കോട്ടയം മെഡിക്കൽ കോളജിലെ കുഞ്ഞ് ഇനി അജയ എന്ന് അറിയപ്പെടും. കുഞ്ഞിനെ കണ്ടെത്തി തിരികെ ഏൽപ്പിച്ച എസ്ഐ ടി.എസ്.റെനീഷ് നിർദേശിച്ച പേര് കുടുംബം സ്വീകരിച്ചു. അമ്മ അശ്വതിയും അജയയും ഇന്ന് ആശുപത്രി വിടും.
ജനിച്ച് 24 മണിക്കൂറിനുള്ളിൽ അവൾക്ക് നേരിടേണ്ടി വന്നത് വലിയ പരീക്ഷണം. അമ്മയിൽ നിന്ന് അടർത്തിമാറ്റപെട്ടെങ്കിലും നിമിഷങ്ങൾക്കകം അവൾ അമ്മയുടെ മടിത്തട്ടിലെത്തി. അതിജീവനത്തിന് അകമ്പടിയായത് ഒരു നാടിൻ്റെ കരുതലും പ്രാർഥനകളും. ജനനം മുതൽ പോരാടി വിജയിച്ചവൾ അജയ. അതിജീവിച്ചവൾ എന്ന അർഥത്തിലാണു അജയ എന്ന പേരിട്ടതെന്നു കുട്ടിയുടെ അച്ഛൻ എസ്.ശ്രീജിത്ത് മാധ്യമങ്ങളോട് പറഞ്ഞു.
അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യപരമായ മറ്റു പ്രശ്നങ്ങൾ ഇല്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കി. എത്രയും പെട്ടെന്ന് വീട്ടിലേക്ക് മടങ്ങണമെന്നാണ് ആഗ്രഹമെന്ന് കുഞ്ഞിൻ്റെ അമ്മ അശ്വതി ആശുപത്രിയിലെത്തിയ മന്ത്രി വീണ ജോർജിനോട് പറഞ്ഞിരുന്നു.
സംഭവത്തിൽ ആശുപത്രിയിലുണ്ടായ വീഴ്ച സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്. ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ജോയിന്‍റ് ഡയറക്ടർ ഇന്ന് മെഡിക്കൽ കോളേജിലെത്തും.
കോട്ടയം മെഡിക്കൽ കോളജ് ആർഎംഒ ഡോ.പി രഞ്ജിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണവും ആരംഭിച്ചു. പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഉടൻ സൂപ്രണ്ടിന് കൈമാറും. ആശുപത്രി ജീവനക്കാർക്ക് വീഴ്ചയുണ്ടയിട്ടില്ലെന്നാണ് നിഗമനം. കേസിൽ അറസ്റ്റിലായ പ്രതി നീതുവിൻ്റെ കാമുകൻ ഇബ്രാഹിം ബാദുഷയെ ഇന്ന് കോടതിയിൽ ഹാജരാക്കും.