കോഴിക്കോട്: വെള്ളിമാട്കുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്നും ആറ് പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കേസെടുത്തു.
വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ചെയര്‍മാന്‍ കെ വി മനോജ്കുമാര്‍ സ്വമേധയാണ് കേസെടുത്തത്. അന്വേഷണം ഊര്‍ജ്ജിതമാക്കാനും സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാനും ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി.
സംഭവം സംബന്ധിച്ച് ജില്ലാ ബാലാവകാശ സംരക്ഷണ ഓഫീസറോട് അടിയന്തര റിപ്പോര്‍ട്ട് നല്‍കാനും കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കമ്മീഷന്‍ അംഗം ബി ബബിത ചില്‍ഡ്രന്‍സ് ഹോം സന്ദര്‍ശിക്കും. ഇന്നലെ വൈകിട്ടാണ് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ആറു പെണ്‍കുട്ടികളെ കാണാതായത്. കാണാതായ ആറുപേരും കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരാണ്. ഇവരില്‍ രണ്ടുപേര്‍ സഹോദരിമാരാണ്.