ഇംഫാൽ : കാണാതായ മണിപ്പൂർ വിദ്യാർഥികൾ കൊല്ലപ്പെട്ടതിനു തെളിവ്. വിദ്യാർഥികളുടെ മൃതദേഹത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. സംഭവത്തിൽ അക്രമികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മണിപ്പൂർ സർക്കാർ വ്യക്തമാക്കി. മൃതദേഹങ്ങൾ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ കേസന്വേഷണം സിബിഐക്കു കൈമാറി.
മെയ്തെയ് വിഭാഗത്തിൽപ്പെട്ട 17 വയസ്സുള്ള പെൺകുട്ടിയെയും 20 വയസ്സുള്ള ആൺകുട്ടിയയെയുമാണ് ജൂലൈയിൽ കാണാതായത്. കാണാതായ ഇരുവരും പുൽത്തകിടിയിലിരിക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. ആയുധധാരികളായ സംഘത്തിന്റെ വനത്തിലെ ക്യാംപിനു സമീപത്ത് വിദ്യാർഥികൾ ഇരിക്കുന്നതതാണ് ഒരു ചിത്രം. ഇവരുടെ പിറകിലായി അക്രമികളെയും കാണാം. വിദ്യാർഥികളുടെ മൃതദേഹങ്ങൾ നിലത്തു കിടക്കുന്നതാണ് മറ്റൊരു ചിത്രം.
മണിപ്പുരിൽ പൊട്ടിപ്പുറപ്പെട്ട വര്‍ഗീയ കലാപത്തിനിടെ വിദ്യാർഥികളെ കാണാതായത് വലിയ ചർച്ചകൾക്കു വഴിവച്ചിരുന്നു. കടയിലെ സിസിടിവിയിൽ വിദ്യാർഥികളുടെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. ഇത് കേന്ദ്രീകരിച്ച് അന്വേഷണം നടത്തി എങ്കിലും വിദ്യാർഥികളെ കണ്ടെത്താനായില്ല. തുടർന്ന് കേസ് സിബിഐക്ക് വിട്ടു. വിദ്യാർഥികളെ തട്ടിക്കൊണ്ടുപോകുകയും കൊലപ്പെടുത്തുകയും ചെയ്തവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി.
മണിപ്പുരിലെ കുന്നിൻചെരുവുകളിൽ 25 കുക്കി സായുധസംഘങ്ങൾ പ്രവർത്തിക്കുന്നതായി റിപ്പോർട്ടുണ്ട്. താഴ്‌വരകൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മെയ്തെയ് സംഘങ്ങൾ തങ്ങളെ ആക്രമിക്കുന്നതായാണ് കുക്കികളുടെ ആരോപണം. അതേസമയം കുക്കികൾ ആയുധനിരോധന നിയമം ലംഘിക്കുകയും തങ്ങൾക്കെതിരെ ആക്രമണം നടത്തുകയും ചെയ്യുന്നതായാണ് മെയ്തെയ് വിഭാഗക്കാർ പറയുന്നത്. സംവരണവുമായി ബന്ധപ്പെട്ടാണ് ഇരു ഗോത്രവിഭാഗങ്ങളും തമ്മിലുള്ള വംശീയ കലാപം തുടങ്ങിയത്. കലാപത്തിൽ ഇതുവരെ 180 പേർ കൊല്ലപ്പെട്ടു. നിരവധി പേരെ കാണാതായിട്ടുണ്ട്