ബെംഗളൂരു∙ മണ്ഡ്യയിലെ മേലുകോട്ടെയിൽ കാണാതായ സ്വകാര്യ സ്കൂൾ ടീച്ചറുടെ മൃതദേഹം ക്ഷേത്രത്തിനു സമീപം കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തി. പാണ്ഡവപുര മാണിക്യഹള്ളിയിൽ ദീപിക വി.ഗൗഡയുടെ (28) മൃതദേഹമാണ് മറവു ചെയ്ത നിലയിൽ കണ്ടെടുത്തത്. ശനിയാഴ്ച രാവിലെ സ്കൂട്ടറിൽ സ്കൂളിലേക്കു പോയ ഇവർ മടങ്ങിയെത്തിയില്ലെന്നു ഭർത്താവ് ലോകേഷ് കൊടുത്ത പരാതിയിലുണ്ട്.
തുടർന്ന് മേലുകോട്ടെ യോഗനരസിംഹ ക്ഷേത്ര വളപ്പിൽ നിന്ന് സ്കൂട്ടർ കണ്ടെടുത്തതോടെയാണ് ഈ പ്രദേശത്ത് കുടുംബാംഗങ്ങൾ അന്വേഷണം നടത്തിയത്. ഇളകിക്കിടന്ന മണ്ണിനിടയിൽ നിന്ന് ദീപികയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു.
ദീപികയുമായി അടുപ്പത്തിലായിരുന്ന യുവാവിനെ കേന്ദ്രികരിച്ചാണ് അന്വേഷണം. ഒളിവിലുള്ള ഇയാളെ കണ്ടെത്തുന്നതിനായി പൊലീസ് 2 പ്രത്യേക സംഘങ്ങൾ രൂപീകരിച്ച് അന്വേഷണം ഊർജിതമാക്കി.