Spread the love

മിഷന്‍ഗ്രീന്‍ ശബരിമല പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട ജില്ലാ ശുചിത്വമിഷന്റെ നേതൃത്വത്തില്‍ ബേസ് ക്യാമ്പായ നിലയ്ക്കലില്‍ ആരംഭിച്ച പ്ലാസ്റ്റിക് ക്യാരിബാഗ് എക്‌സ്‌ചേഞ്ച് കൗണ്ടറിന്റെ ഉദ്ഘാടനം ശബരിമല തീര്‍ഥാടകര്‍ക്ക് പ്ലാസ്റ്റിക് കവറിനു പകരം തുണിസഞ്ചി നല്‍കി പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിച്ചു. ശബരിമലയില്‍ ഹരിത ചട്ടം പാലിക്കുന്നതിനുള്ള മിഷന്‍ഗ്രീന്‍ ശബരിമല പദ്ധതിയുടെ ഭാഗമായ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കൗണ്ടറില്‍ അയ്യപ്പഭക്തന്മാര്‍ക്ക് തങ്ങളുടെ കൈവശമുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ നല്‍കി പകരം തുണിസഞ്ചി സൗജന്യമായി വാങ്ങുന്നതിനുള്ള സൗകര്യമുണ്ട്. ളാഹ മുതല്‍ പമ്പവരേയും കണമല മുതല്‍ പമ്പ വരേയുമുള്ള പാതയോരങ്ങളിലെ അജൈവ മാലിന്യങ്ങളും കൂടാതെ നിലയ്ക്കല്‍, ചെറിയാനവട്ടം എന്നിവിടങ്ങളിലെ പ്ലാന്റുകളില്‍ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യങ്ങളുമാണ് ശുചിത്വമിഷന്റെ നേതൃത്വത്തില്‍ ശേഖരിക്കുന്നത്. വനം വകുപ്പിന്റെ ഇക്കോ ഗാര്‍ഡ്‌സാണ് പാതയോരങ്ങളിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തരംതിരിച്ച് കൂട്ടിവയ്ക്കുന്നത്. ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശുചിത്വമിഷനു വേണ്ടി തിരുവല്ല ആസ്ഥാനമായ ക്രിസ് ഗ്ലോബല്‍ ട്രേഡേഴ്‌സ് എന്ന സ്ഥാപനമാണ് പുന:ചംക്രമണത്തിനായി കൊണ്ടുപോകുന്നത്.

Leave a Reply