Spread the love

100 ലക്ഷം കോടിയുമായി ‘ഗതി ശക്തി’ പദ്ധതിയുമായി മോദി സർക്കാർ ;പ്രഖ്യാപനം സ്വാതന്ത്ര്യദിന പ്രസംഗത്തിൽ.


ന്യൂഡൽഹി : അടിസ്ഥാനസൗകര്യ വികസനത്തിന് 100 ലക്ഷം കോടി രൂപയുടെ ‘ഗതി ശക്തി’ പദ്ധതി സർക്കാർ ഉടൻ പ്രഖ്യാപിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. രാജ്യം സ്വയംപര്യാപ്തത കൈവരിക്കാൻ കൂട്ടായ പ്രയത്നമുണ്ടാവണമെന്നും (സബ്കാ പ്രയാസ്) 75–ാം സ്വാതന്ത്ര്യ ദിനത്തിൽ ചെങ്കോട്ടയിൽ ദേശീയപതാക ഉയർത്തിയ ശേഷം നടത്തിയ പ്രസംഗത്തിൽ അദ്ദേഹം ആഹ്വാനം ചെയ്തു. കാലാവസ്ഥാ വ്യതിയാനം ചെറുക്കാൻ ദേശീയ ഹരിത ഹൈഡ്രജൻ യജ്ഞത്തിനും തുടക്കമിട്ടു. ഹരിത ഹൈഡ്രജൻ ഊർജോൽപാദനത്തിന്റെ മുഖ്യകേന്ദ്രമായി ഇന്ത്യയെ മാറ്റുകയാണു ലക്ഷ്യം.
75 ആഴ്ചകളിലായി 75 വന്ദേ ഭാരത് ട്രെയിനുകൾ രാജ്യത്തെ ഉൾമേഖലകളിലേക്കു സർവീസ് ആരംഭിക്കും. വടക്കുകിഴക്കൻ സംസ്ഥാന തലസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന റെയിൽ പദ്ധതി ഉടൻ പൂർത്തിയാക്കും. ജമ്മു കശ്മീരിൽ മണ്ഡല പുനർനിർണയം പുരോഗമിക്കുകയാണ്. രാജ്യത്തെ സൈനിക സ്കൂളുകളിൽ പെൺകുട്ടികൾക്കും പ്രവേശനം അനുവദിക്കും.
ലോകത്തെ ഏറ്റവും വലിയ വാക്സിനേഷൻ യജ്ഞം ഇന്ത്യയിലേതാണ്. ഇതുവരെ 54 കോടിയിലധികം പേർ കോവിഡ് വാക്സീൻ സ്വീകരിച്ചു. മറ്റു രാജ്യങ്ങളെ ഇന്ത്യയ്ക്ക് ആശ്രയിക്കേണ്ടി വന്നില്ല.
സ്വാതന്ത്ര്യത്തിന്റെ നൂറാം വർഷം ആഘോഷിക്കുമ്പോൾ എല്ലാ മേഖലയിലും പൂർണ സ്വയംപര്യാപ്തത കൈവരിക്കാനുള്ള ഒരുക്കങ്ങൾ ഇപ്പോഴേ ആരംഭിക്കണമെന്നും മോദി പറഞ്ഞു. ഒളിംപിക്സിൽ പങ്കെടുത്ത ഇന്ത്യൻ താരങ്ങൾ ചടങ്ങിൽ സന്നിഹിതരായിരുന്നു. ഇവർ ജനമനസ്സുകൾ കീഴടക്കിയെന്നും യുവാക്കൾക്കു പ്രചോദനമേകിയെന്നും നരേന്ദ്ര മോദി പറഞ്ഞു.

Leave a Reply