Spread the love

ന്യൂഡൽഹി∙ ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിൽ ലഡാക്കിലെ സംഘർഷ മേഖലയിലെ സേനാപിന്മാറ്റത്തെ കുറിച്ച് ചർച്ച നടത്തിയതിനു പിന്നാലെ ചൈന ഇന്ത്യൻ മേഖല കയ്യേറിയിട്ടുണ്ടെന്ന പ്രസ്താവനയുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ‘ഇന്ത്യയുടെ ഒരിഞ്ചു ഭൂമി പോലും ചൈന കയ്യേറിയിട്ടില്ല’ എന്ന മോദിയുടെ പ്രസ്താവന പച്ചക്കള്ളമാണെന്നും രാഹുൽ പറഞ്ഞു.

‘‘ലഡാക്ക് ഒരു തന്ത്രപ്രധാന മേഖലയാണ്. ഇവിടെ എത്തിയതിനു ശേഷം, പ്രത്യേകിച്ച് പാംഗോങ് തടാകത്തിൽ, ഇന്ത്യയുടെ ആയിരത്തോളം കിലോമീറ്റർ വരുന്ന പ്രദേശം അവർ കയ്യേറിയെന്നു മനസ്സിലായി. ഒരുകാര്യം വളരെ കൃത്യമാണ്, ചൈന ഇന്ത്യയുടെ ഭൂമി കയ്യേറിയിട്ടുണ്ട്. പ്രതിപക്ഷ യോഗത്തിൽ പ്രധാനമന്ത്രി പറഞ്ഞത് ചൈന ഇന്ത്യയുടെ ഒരിഞ്ചു ഭൂമി പോലും കയ്യേറിയിട്ടില്ല എന്നാണ്. അതു കള്ളമാണ്… ഇന്ത്യയുടെ ഭൂമി ചൈന കയ്യേറിയെന്ന് ലഡാക്കിലെ ഓരോ വ്യക്തിക്കും അറിയാം. എന്നിട്ടും അതു സംസാരിക്കാൻ പ്രധാനമന്ത്രി തയാറല്ല…’’ ലഡാക്കിലെ കാർഗിലിൽ ഒരു റാലിയെ അഭിസംബോധന ചെയ്യവേ രാഹുൽ പറഞ്ഞു.
കഴിഞ്ഞ ഒരാഴ്ചയായി രാഹുൽ ഗാന്ധി ലഡാക്കിൽ പര്യടനം നടത്തുകയാണ്. ലഡാക്കിൽ ഇന്ത്യയുടെ ഭൂമി ചൈന പിടിച്ചെടുത്തതായി അവിടുത്തെ ജനങ്ങൾ പരാതിപ്പെട്ടതായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ‘‘കാലികളെ മേയ്ക്കുന്നതടക്കമുള്ള ഭൂമി ചൈനീസ് പട്ടാളം പിടിച്ചെടുത്തതായാണു ജനങ്ങൾ എന്നോടു പറഞ്ഞത്. ആർക്കു വേണമെങ്കിലും ജനങ്ങളോട് ഇക്കാര്യം ചോദിക്കാവുന്നതാണ്. ഒരിഞ്ചു ഭൂമി പോലും നഷ്ടമായില്ലെന്നാണു പ്രധാനമന്ത്രി നിരന്തരം പറയുന്നത്. അത് അസത്യമാണെന്നുവേണം കരുതാൻ. സംശയമുള്ളവർ ജനങ്ങളോടു ചോദിക്കൂ…’’ എന്നാണ് രാഹുൽ കഴിഞ്ഞ ദിവസം പറഞ്ഞത്.

Leave a Reply