കൊച്ചി: വാഹനങ്ങൾക്ക് നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയാൽ ബാദ്ധ്യത ഉടമയ്ക്കാണെന്നും അതിനുള്ള സാധനങ്ങൾ വിൽക്കുന്ന കടയുടമയ്ക്കല്ലെന്നും ഹൈക്കോടതി. വാഹനങ്ങളുടെ ആക്‌സസറികളും സൺഫിലിമും വിൽക്കുന്ന സ്ഥാപനം നടത്തുന്ന കരുനാഗപ്പള്ളി സ്വദേശി അബ്ദുൾ സത്താർ ഉൾപ്പെടെ മൂന്നു പേർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് അമിത് റാവൽ ഇക്കാര്യം വ്യക്തമാക്കിയത്.
സൺഫിലിം ഉൾപ്പെടെ ആക്‌സസറീസ് വിൽക്കുന്നത് വാഹനങ്ങളുടെ രൂപമാറ്റം പാടില്ലെന്ന വ്യവസ്ഥയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ആലപ്പുഴ ആർ.ടി ഓഫീസിൽ നിന്ന് നോട്ടീസ് ലഭിച്ച സാഹചര്യത്തിൽ, സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കുമെന്ന ആശങ്കയിലാണ് ഹർജിക്കാർ ഹൈക്കോടതിയെ സമീപിച്ചത്. അധികാരമില്ലാതെയാണ് ആർ.ടി.ഓഫീസിൽ നിന്ന് നോട്ടീസ് നൽകിയതെന്ന് പ്രഥമദൃഷ്‌ട്യാ വ്യക്തമാണെന്ന് പറഞ്ഞ സിംഗിൾബെഞ്ച്, നോട്ടീസിലെ തുടർ നടപടികൾ സ്റ്റേ ചെയ്തു. ഹർജി നവംബർ 15നു വീണ്ടും പരിഗണിക്കും.