പ്രധാനമന്ത്രി നരേന്ദ്രമോദി പഞ്ചാബിലെ ആദംപൂർ വ്യോമതാവളം സന്ദർശിച്ചു. അവിടെ വെച്ച് ഇന്ത്യൻ വ്യോമസേനയിലെ ഉന്നത ഉദ്യോഗസ്ഥരുമായും സൈനികരുമായി ആശയവിനിമയം നടത്തി. പാക് സേന ലക്ഷ്യമിട്ട വ്യോമതാവളമാണ് ആദംപൂർ വ്യോമതാവളം.
ഓപ്പറേഷൻ സിന്ദൂരിന്റെ ഭാഗമായി പാകിസ്ഥാൻ, പാക് അധിനിവേശ കശ്മീര്‍ (പിഒകെ) എന്നിവിടങ്ങളിലെ ഭീകര ക്യാമ്പുകളിൽ ഇന്ത്യൻ സായുധ സേന നടത്തിയ വ്യോമാക്രമണങ്ങൾക്ക് ശേഷം പ്രധാനമന്ത്രി മോദി സായുധ സേനാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തുന്നത് ഇതാദ്യമായാണ്.
“ഇന്ന് രാവിലെ, ഞാൻ എ.എഫ്.എസ്. ആദംപൂരിൽ പോയി നമ്മുടെ ധീരരായ വ്യോമ യോദ്ധാക്കളെയും സൈനികരെയും കണ്ടു. ധൈര്യം, ദൃഢനിശ്ചയം, നിർഭയത്വം എന്നിവയുടെ പ്രതീകമായവരോടൊപ്പമായിരിക്കാൻ കഴിഞ്ഞത് വളരെ സവിശേഷമായ ഒരു അനുഭവമായിരുന്നു. നമ്മുടെ രാജ്യത്തിനായി നമ്മുടെ സായുധ സേന ചെയ്യുന്ന എല്ലാത്തിനും ഇന്ത്യ എന്നും നന്ദിയുള്ളവരാണ്,” -പ്രധാനമന്ത്രി മോദി എക്‌സിൽ പോസ്റ്റ് ചെയ്യുകയും സൈനികരോടൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെക്കുകയും ചെയ്തു.