Spread the love

മോഹനന്‍ വൈദ്യരെ തിരുവനന്തപുരത്തെ ബന്ധു വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: ജില്ലയിലെ കാലടിയുള്ള ബന്ധു വീട്ടില്‍ മോഹനൻ വൈദ്യർ (65) കുഴഞ്ഞു വീണ് മരിച്ച നിലയില്‍. വിശ്വാസത്തിലൂന്നിയ സമാന്തര ചികിൽസാ മാർഗങ്ങളുടെ പ്രചാരകനായിരുന്ന മോഹനൻ വൈദ്യരെ ശനിയാഴ്‌ച വൈകിട്ട് എട്ട് മണിയോടെയാണ് മരിച്ചനിലയിൽ കണ്ടെത്തിയതെന്ന് ബന്ധുക്കൾ പറയുന്നു. അശാസ്‌ത്രീയവും അടിസ്‌ഥാന തെളിവുകൾ പോലും നിരത്താനും കഴിയാത്ത ചികിൽസാ സമ്പ്രദായത്തിലുടെയും തുടർന്നുള്ള വിവാദങ്ങളിലൂടെയും മറ്റും പ്രസിദ്ധനായ മോഹനൻ വൈദ്യർ എന്ന മോഹനൻ നായർ തന്റെ മകനൊപ്പം രണ്ട് ദിവസമായി മൃതദേഹം കണ്ടെത്തിയ ബന്ധുവീട്ടില്‍ ഉണ്ടായിരുന്നു എന്നാണ് പ്രാഥമിക വിവരം. രാവിലെയോടെ മോഹനന്‍ വൈദ്യര്‍ക്ക് പനിയും ശ്വാസ തടസവും ഉണ്ടായിരുന്നുവെന്നും തുടർന്നാണ് മരണം സംഭവിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കൂടുതൽ വിവരങ്ങൾ രാവിലെയോടെ മാത്രമേ ലഭിക്കു എന്നാണ് പോലീസ് വ്യക്‌തമാക്കുന്നത്‌. ആധുനിക ചികിൽസക്കെതിരെ മോഹനൻ വൈദ്യർ നടത്തിയ പ്രസ്‌താവനകൾ വിവാദങ്ങൾ സൃഷ്‌ടിച്ചിരുന്നു. കോവിഡ് രോഗബാധക്ക്‌ അനധികൃത ചികിൽസ നടത്തിയതിന്റെ പേരില്‍ ഇദ്ദേഹത്തിനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.
പ്രൊപിയോണിക് അസിഡീമിയ എന്ന രോഗം ബാധിച്ചിരുന്ന ഒന്നര വയസുണ്ടായിരുന്ന കുട്ടിയെ അശാസ്‌ത്രീയ ചികിൽസ നൽകി മരണത്തിനിടയാക്കി എന്ന സംഭവത്തിൽ അന്നത്തെ ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചറുടെ പരാതിയെതുടർന്ന് വൈദ്യർക്കെതിരേ മാരാരിക്കുളം പോലീസ് നരഹത്യക്ക്‌ കേസെടുത്തിരുന്നു.

കേരളത്തിലുണ്ടായ നിപ്പ ഉൾപ്പടെയുള്ള ഒട്ടുമിക്ക രോഗങ്ങൾക്ക് എതിരെയും ഇദ്ദേഹം നിലപാട് സ്വീകരിച്ചിരുന്നു. അർബുദം സ്വയംഭോഗം കൊണ്ട് ഉണ്ടായതാണ് എന്നും ഇദ്ദേഹം അവകാശപ്പെട്ടിരുന്നു. കോവിഡ്, ക്യാൻസർ ഉൾപ്പടെയുള്ള മാരകരോഗങ്ങളിലും തികഞ്ഞ അശാസ്‌ത്രീയ വിവരങ്ങളിലൂടെ ഒരുപറ്റം ജനതയെ തെറ്റിദ്ധരിപ്പിക്കാനും കൂടെ നിറുത്താനും ഇദ്ദേഹത്തിന് സാധിച്ചിരുന്നു. നിരവധി ആരാധകരുള്ളപ്പോൾ തന്നെ മോഹനൻ വൈദ്യർക്ക് വൈദ്യർക്ക് അനേകം വിമർശകരും ഉണ്ടായിരുന്നു.

Leave a Reply