തന്മാത്ര, ഭ്രമരം, പ്രണയം എന്നീ ചിത്രങ്ങൾക്കുശേഷം മോഹൻലാലും ബ്ളസിയും ഒരുമിക്കുന്നു. ശങ്കർ രാമകൃഷ്ണന്റെ രചനയിലാണ് മോഹൻലാൽ- ബ്ളസി ചിത്രം ഒരുങ്ങുന്നത്. ഇതാദ്യമായാണ് ബ്ളസി മറ്റൊരാളുടെ രചനയിൽ സിനിമ ഒരുക്കുന്നത്. 2026 ൽ ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനം. ഗ്രേഡ് ഷെയ്ഡ് കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. നവാഗതനായ ഐറൻ മുഹമ്മദിന്റെ കഥയിൽ ഒരുങ്ങുന്ന ചിത്രത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ വൈകാതെ പ്രഖ്യാപിക്കും. ആശിർവാദ് സിനിമാസിന്റെയും ഫ്രാഗ്‌നന്റ് നേച്വർ ഫിലിം ക്രിയേഷൻസിന്റെയും ബാനറിൽ ആണ് മോഹൻലാൽ – ബ്ളസി ചിത്രം നിർമ്മിക്കുന്നതെന്നാണ് വിവരം. ബ്ളസിയുടെ രണ്ടാമത്തെ സംവിധാന സംരംഭമായ തന്മാത്രയ്ക്ക് ദേശീയ – സംസ്ഥാന പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
2011 ൽപ്രണയം എന്ന ചിത്രത്തിന് വേണ്ടിയാണ് മോഹൻലാലും ബ്ളസിയും അവസാനം ഒരുമിച്ചത്. ആടുജീവിതം ആണ് ബ്ളസിയുടെ സംവിധാനത്തിൽ റിലീസ് ചെയ്ത അവസാന ചിത്രം. പൃഥ്വിരാജിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് ആടുജീവിതത്തിലെ നജീബ് . നിരവധി അംഗീകാരങ്ങളാണ് ആടുജീവിതം വാരിക്കൂട്ടിയത്. അതേസമയം പുതുവർഷത്തിൽ വമ്പൻ പ്രോജക്ടുകളുമായാണ് മോഹൻലാൽ എത്തുന്നത്. മോഹൻലാലും തരുൺ മൂർത്തിയും ആദ്യമായി ഒരുമിക്കുന്ന തുടരും ജനുവരി 30ന് റിലീസ് ചെയ്യും. ഇടവേളയ്ക്കുശേഷം മോഹൻലാലും ശോഭനയും ഒരുമിക്കുന്ന ചിത്രം ഏറെ പ്രതീക്ഷ നൽകുന്നു. മോഹൻലാൽ – പൃഥ്വിരാജ് ചിത്രം എമ്പുരാൻ മാർച്ച് 27ന് റിലസ് ചെയ്യും. ദീലീപ്, വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്യുന്ന ഭ .ഭ. ബ എന്ന ചിത്രത്തിൽ അതിഥി വേഷത്തിൽ മോഹൻലാൽ പ്രത്യക്ഷപ്പെടുന്നുണ്ട്.