Spread the love

സിനിമ പ്രേമികൾ ഇത്രയധികം അക്ഷമരായി കാത്തിരുന്ന മറ്റൊരു മലയാള ചിത്രം ഉണ്ടോ എന്നതിൽ സംശയമാണ്. മാർച്ച് 27ന് റിലീസിനെത്തുന്ന മോഹൻലാൽ – പൃഥ്വിരാജ് ചിത്രം എമ്പുരാന്റെ ഓരോ അപ്ഡേറ്റും മലയാളികൾ മാത്രമല്ല പാൻ ഇന്ത്യൻ ലെവലിൽ തന്നെ സിനിമാരാധകർ വലിയ പ്രതീക്ഷയോടെയും ആവേശത്തോടെയുമാണ് ഏറ്റെടുക്കുന്നത്. കഴിഞ്ഞ ദിവസം ആരാധകർക്ക് സർപ്രൈസായി രാത്രി 12 മണിക്കാണ് മൂന്ന് മിനിറ്റ് 50 സെക്കൻഡ് ദൈർഘ്യമുള്ള ചിത്രത്തിന്‍റെ മലയാളം ട്രെയിലർ എത്തിയത്. സംഭവം അപ്രതീക്ഷിതമായാണെങ്കിലും അണിയറ പ്രവർത്തകർ പ്രതീക്ഷിച്ചതിലും വലിയ ഏറ്റെടുപ്പാണ് ചിത്രത്തിന്റെ ട്രെയിലറിന് ലഭിച്ചിരിക്കുന്നത്.

മലയാളത്തിലെ ഏറ്റവും മുതൽ മുടക്കേറിയ സിനിമാനുഭവം മാത്രമല്ല എമ്പുരാൻ എന്നത് ട്രെയിലറിൽ വ്യക്തമാണ്. ഹോളിവുഡ് സിനിമകളുടെ ദൃശ്യ ഭാഷ അനുസ്മരിപ്പിക്കുന്ന വിധത്തിൽ സംവിധാന മികവ് ട്രെയിലറിൽ ഉടനീളം കാണാം. മലയാളം ഇൻഡസ്ട്രിയൽ നിർമ്മാതാക്കൾ നേരിടുന്ന പ്രതിസന്ധികൾ വ്യക്തമാക്കിയ ഒരു പ്രസ് മീറ്റിൽ എമ്പുരാന്റെ ബജറ്റ് 140 കോടിയാണെന്ന് നിർമ്മാതാവ് ജി സുരേഷ് കുമാർ പറഞ്ഞത് വലിയ വിവാദമായിരുന്നു. ഇതിനോട് രൂക്ഷമായ ഭാഷയിൽ തന്നെ എമ്പുരാന്റെ നിർമ്മാതാക്കളിൽ ഒരാളായ ആന്റണി പെരുമ്പാവൂർ പ്രതികരിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ ബജറ്റിനെക്കുറിച്ചുള്ള ചോദ്യത്തിന് മോഹന്‍ലാലും പൃഥ്വിരാജും പ്രതികരിച്ചിരിക്കുകയാണ്.

ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട ഒരു അഭിമുഖ പരിപാടിയിൽ ചിത്രത്തിന്‍റെ ബജറ്റ് 150 കോടി എന്നാണ് താന്‍ വായിച്ചതെന്ന് അവതാരക പറയുമ്പോള്‍ അല്ല എന്ന് പൃഥ്വിരാജ് ഉടനടി മറുപടി പറയുന്നുണ്ട്. “സിനിമ കാണുമ്പോള്‍ പ്രേക്ഷകര്‍ക്ക് എത്രയെന്നാണോ തോന്നുന്നത് അതാണ് ഈ സിനിമയുടെ ബജറ്റ്. നിര്‍മ്മാതാവിനെ ഞാന്‍ വെല്ലുവിളിച്ചിരുന്നു, ഇത്രത്തോളം ചെറുതാണ് ചിത്രത്തിന്‍റെ ബജറ്റ് എന്നത് സിനിമ കാണുമ്പോള്‍ ആരും തിരിച്ചറിയില്ലെന്ന്”, പൃഥ്വിരാജ് പറയുന്നു. താങ്കള്‍ പറഞ്ഞതല്ല (150 കോടി) യഥാര്‍ഥ ബജറ്റ് എന്ന് അഭിമുഖകാരിയോട് മോഹന്‍ലാലും പറയുന്നുണ്ട്. അതേസമയം ലൂസിഫര്‍ ഫ്രാഞ്ചൈസിയിലെ അവസാന ചിത്രം വലിയ സ്കെയിലില്‍ ചെയ്യണമെന്നാണ് തന്‍റെ ആഗ്രഹമെന്നും ഇതേ അഭിമുഖത്തില്‍ പൃഥ്വിരാജ് പറയുന്നുണ്ട്

Leave a Reply