Spread the love

മീനയും മോഹൻലാലും നിരവധി ചിത്രങ്ങളിൽ ഒന്നിച്ചഭിനയിച്ചിട്ടുണ്ടെങ്കിലും അതിൽ ഏറ്റവും ശ്രദ്ധേയം ദൃശ്യം ആയിരുന്നു. ജീത്തു ജോസഫിൻറെ സംവിധാനത്തിൽ 2013ൽ പുറത്തെത്തിയ ത്രില്ലർ ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച ജോർജ്‍കുട്ടിയുടെ ഭാര്യ റാണി എന്ന കഥാപാത്രത്തെയാണ് മീന അവതരിപ്പിച്ചത്. ഇപ്പോഴിതാ മീനയുടെ പിറന്നാൾ ദിനത്തിൽ ആശംസകൾ നേർന്നിരിക്കുകയാണ് മോഹൻലാൽ. ഒപ്പം ഉടൻ ചിത്രീകരണമാരംഭിക്കുന്ന ദൃശ്യം 2ലേക്ക് മീനയെ സ്വാഗതം ചെയ്യുകയുമാണ് മോഹൻലാൽ. ഫേസ്ബുക്കിലൂടെയാണ് മോഹൻലാൽ മീനയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നത്. പിറന്നാൾ ആശംസകൾ മീന, ദൃശ്യം 2 സെറ്റിലേക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു മീനയുടെ ചിത്രത്തിനൊപ്പം മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.

അതേസമയം ദൃശ്യം 2ൻറെ ചിത്രീകരണം ഈ മാസം അവസാനം ആരംഭിക്കും. സിനിമയുടെ ചിത്രീകരണം പതിനാലിന് തുടങ്ങാനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും സെറ്റ് വർക്കുകൾ പൂർത്തിയായിട്ടില്ലാത്തതിനാൽ ഷെഡ്യൂൾ നീളുകയായിരുന്നു. എല്ലാവർഷവും നടത്താറുള്ള ആയുർവേദ ചികിത്സയ്ക്കായി പാലക്കാടുള്ള ആയുർവേദ കേന്ദ്രത്തിൽ പോയിരിക്കുകയാണ് ഇപ്പോൾ മോഹൻലാൽ. അത് പൂർത്തിയാക്കിയതിനു ശേഷമാവും മോഹൻലാൽ ചിത്രത്തിൽ ജോയിൻ ചെയ്യുക.കൊവിഡ് പശ്ചാത്തലത്തിൽ സർക്കാർ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാവും ദൃശ്യം 2 ചിത്രീകരിക്കുകയെന്ന് നിർമ്മാതാവ് ആൻറണി പെരുമ്പാവൂർ നേരത്തെ വ്യക്തമാക്കിയിരുന്നു. തൊടുപുഴയും കൊച്ചിയുമാണ് പ്രധാന ലൊക്കേഷനുകൾ.

Leave a Reply