വലിയ ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകനും, നടനുമാണ് മേജര്‍ രവി. അതേസമയം തന്റെ രാഷ്ട്രീയ പ്രസ്താവനകളിലൂടെ പലപ്പോഴും വിവാദങ്ങളിലും അദ്ദേഹം ചെന്നുപെടാറുണ്ട്. കഴിഞ്ഞ കുറച്ച് നാളുകളായി സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയമാണ് മേജര്‍ രവി. ഇപ്പോഴിതാ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ ബോയ്‌കോട്ട് മേജര്‍ രവി എന്ന ഹാഷ്ടാഗ് ട്രെന്റായി മാറിയിരിക്കുകയാണ്.
തന്റെ പുതിയ സിനിമയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് മേജര്‍ രവിയെ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനം സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നത്. ഓപ്പറേഷന്‍ സിന്ദൂറിനെ അടിസ്ഥാനമാക്കി പഹല്‍ഗാം: ഒപ്പറേഷന്‍ സിന്ദൂര്‍ എന്ന സിനിമ ചെയ്യാനുള്ള ഒരുക്കത്തിലാണ് മേജര്‍ രവി. ഇതിന് മുന്നോടിയായി സിനിമയുടെ തിരക്കഥ പൂജ ചെയ്തത് കഴിഞ്ഞ ദിവസമാണ്. പിന്നാലെയാണ് അദ്ദേഹത്തിനെതിരെ ബോയ്‌കോട്ട് ക്യാംപെയ്ന്‍ ആരംഭിക്കുന്നത്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം മേജര്‍ രവിക്കെതിരായ ബോയ്‌കോട്ട് ക്യാംപെയ്‌നിന് പിന്നില്‍ മോഹന്‍ലാല്‍ ആരാധകരാണ്. മേജര്‍ രവിയുടെ പെഹല്‍ഗാം സിനിമയില്‍ മോഹന്‍ലാല്‍ ആയിരിക്കും നായകന്‍ എന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതോടെയാണ് അദ്ദേഹത്തിന്റെ ആരാധകര്‍ മേജര്‍ രവിക്കെതിരെ തിരിഞ്ഞിരിക്കുന്നത്.മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന്‍ സിനിമയുടെ സമയത്ത് മേജര്‍ രവി നടത്തിയ പ്രസ്താവനകളാണ് ഇപ്പോഴത്തെ ബോയ്‌കോട്ടിന്റെ കാരണമായി കരുതപ്പെടുന്നത്. ഗുജറാത്ത് കലാപം ചിത്രീകരിച്ചതിന്റെ പേരില്‍ എമ്പുരാന്‍ വലിയ വിവാദമായി മാറിയിരുന്നു. സിനിമയ്‌ക്കെതിരെ ആര്‍എസ്എസ് മുഖപത്രമടക്കം രംഗത്തെത്തിയിരുന്നു.
ഈ സമയത്ത് മേജര്‍ രവി നടത്തിയ പ്രസ്താവനകള്‍ ചര്‍ച്ചയായിരുന്നു. ഗുജറാത്ത് കലാപത്തെ ഏകപക്ഷീയമായി അവതരിപ്പിച്ചു, കലാപത്തിന്റെ തുടക്കം കാണിച്ചില്ല, മോഹന്‍ലാല്‍ സിനിമ കണ്ടിരുന്നില്ല, പൃഥ്വിരാജ് മോഹന്‍ലാലിനെ ചതിച്ചതാണ് തുടങ്ങിയ ആരോപണങ്ങളാണ് മേജര്‍ രവി ഉന്നയിച്ചത്. മേജര്‍ രവിയുടെ ആരോപണങ്ങള്‍ക്കെതിരെ പൃഥ്വിരാജിന്റെ അമ്മയായ നടി മല്ലിക സുകുമാരനും രംഗത്തെത്തിയിരുന്നു. ഇരുവരും തമ്മില്‍ വാക്‌പോര് തന്നെ നടന്നിരുന്നു.










