മലയാളത്തിൽ ആദ്യമായി 100 കോടി ഷെയർ ലഭിക്കുന്ന സിനിമയായി മാറിയിരിക്കുകയാണ് എമ്പുരാൻ. നേരത്തെ മലയാളത്തിൽ നൂറ് കോടി രൂപ ഷെയർ വന്ന ഒരു സിനിമ കാണിച്ചു തരാമോ എന്ന ചോദ്യവുമായി നിർമാതാവ് സുരേഷ് കുമാർ രംഗത്തുവന്നിരുന്നു. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ജി സുരേഷ് കുമാറിന്റെ ഈ വീഡിയോ പങ്കുവെച്ച് വ്യാപകമായ ട്രോളുകളാണ് വരുന്നത്. സുരേഷ് കുമാറിനുള്ള മറുപടിയാണ് എമ്പുരാൻ സിനിമയെന്നാണ് മോഹൻലാൽ ഫാൻസ് സോഷ്യൽ മീഡിയയിൽ അഭിപ്രായപ്പെടുന്നത്
‘100 കോടി ഷെയറുള്ള ഒരു പടം കാണിച്ചുതരട്ടെ. ഞാനിവിടുത്തെ ആർട്ടിസ്റ്റിനെ വെല്ലുവിളിക്കുകയാണ്. ഞങ്ങൾ ഷെയറാണ് കൂട്ടുന്നത്. അല്ലാതെ ലോകത്തുള്ള മറ്റു കോസ്റ്റുകളല്ല കൂട്ടുന്നത്. 100 കോടി ഷെയർ ക്ലബ്ബിൽ വന്ന ഒരു പടം പറയട്ടെ. 100 കോടി ഷെയർ വന്ന പടം ഇതുവരെ ഉണ്ടായിട്ടില്ല’ എന്നായിരുന്നു വിവാദമായ പത്രസമ്മേളനത്തിൽ സുരേഷ് കുമാറിന്റെ വാക്കുകൾ.
എമ്പുരാൻ ഇതിനോടകം പല റെക്കോർഡുകളും തകർത്തെറിഞ്ഞ് കഴിഞ്ഞു. റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്ന് 30 കോടിയാണ് സിനിമ ഇതുവരെ നേടിയിരിക്കുന്നത്. 84.25 കോടിയാണ് സിനിമയുടെ ഇന്ത്യൻ കളക്ഷൻ. അതേസമയം, ആഗോള മാർക്കറ്റിൽ നിന്ന് എമ്പുരാൻ 230 കോടി സ്വന്തമാക്കി. ചിത്രം വൈകാതെ മലയാളത്തിലെ ഏറ്റവും വലിയ കളക്ഷൻ ചിത്രമായ മഞ്ഞുമ്മൽ ബോയ്‌സിനെ മറികടക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ പ്രതീക്ഷ. ഓവർസീസിൽ 15 മില്യൺ കടന്ന എമ്പുരാൻ ഈ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രമായി മാറിയിരിക്കുകയാണ്. ഛാവയുടെ കളക്ഷനെയാണ് എമ്പുരാൻ പിന്നിലാക്കിയത്. ഒരു മലയാള സിനിമയെ സംബന്ധിച്ച് വലിയ നേട്ടമാണ് ഇത്.