മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം ദൃശ്യം. 150 ദിവസത്തോളം തീയേറ്ററിൽ നിറഞ്ഞോടിയ ചിത്രം വലിയ ജനപ്രീതിയും പ്രേക്ഷകപ്രശംസയും ഒരുപോലെ നേടിയിരുന്നു. സാധാരണക്കാരന്റെ ജീവിതം ത്രില്ലർ ജോണറിൽ അവതരിപ്പിച്ച ചിത്രത്തിൽ മോഹൻലാലിനൊപ്പം മീനയായിരുന്നു പ്രധാന വേഷത്തിലെത്തിയത്. ആശാ ശരത്ത് അവതരിപ്പിച്ച പൊലീസ് കഥാപാത്രവും ഏറെ ചർച്ചയായിരുന്നു. ആന്റണി പെരുമ്പാവൂരായിരുന്നു നിർമാണം.
വൻലാഭം നേടിയ ദൃശ്യത്തിന്റെ രണ്ടാം ഭാഗം കൊവിഡ് കാലത്താണ് പുറത്തിറങ്ങിയിരുന്നു. ഇതും മികച്ച അഭിപ്രായം നേടിയിരുന്നു. ഇതിനു ശേഷം ദൃശ്യം-3യുടെ വരവിനായി കാത്തിരിക്കുകയാണ് സിനിമാസ്വാദകർ. ”നല്ല കഥ” വന്നാൽ തീർച്ചയായും ദൃശ്യം-3 പരിഗണിക്കുമെന്ന് സംവിധായകൻ ജീത്തു ജോസഫ് പ്രേക്ഷകർക്ക് ഉറപ്പുനൽകിയിരുന്നെങ്കിലും ദൃശ്യം മൂന്നിന്റെ പ്രഖ്യാപനം ഇതുവരെ ഉണ്ടായിരുന്നില്ല. എന്നാലിപ്പോൾ സാക്ഷാൽ മോഹൻലാൽ തന്നെ ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുകയാണ്.
സംവിധായകൻ ജീത്തുവിനും നിർമാതാവ് ആന്റണി പെരുമ്പാവൂരിനുമൊപ്പം നിൽക്കുന്ന ചിത്രം പങ്കുവച്ചാണ് ദൃശ്യം-3ന്റെ അനൗൺസ്മെന്റ് മോഹൻലാൽ നടത്തിയത്. “ഭൂതകാലം ഒരിക്കലും നിശബ്ദമായിരിക്കില്ല” (The Past Never Stays Silent) എന്ന അടിക്കുറിപ്പും മോഹൻലാൽ നൽകിയിട്ടുണ്ട്.