ഒരു ചടങ്ങിൽ എത്തിയപ്പോൾ മോഹൻലാൽ ധരിച്ച വാച്ചിന്റെ വില 9 കോടി, മമ്മൂക്ക ധരിച്ച ഷർട്ടിന്റെ വില അമ്പതിനായിരം, പൃഥ്വിരാജിന്റെ കാറിന്റെ വില ഏഴു കോടി, സൗബിന്റെ ഫ്ലാറ്റിന്റെ വില 4 കോടി. ഇങ്ങനെയുള്ള സെലിബ്രിറ്റികളുമായി ബന്ധപ്പെട്ട വാർത്തകൾ കേൾക്കുമ്പോൾ നിങ്ങൾക്ക് തോന്നാറില്ലേ? ഇത്രയധികം രൂപ സാധനങ്ങൾക്കും ലൈഫ് സ്റ്റൈലിനുമായി ഇവർ ചിലവഴിക്കണമെങ്കിൽ ശരിക്കും ഇവരുടെ യഥാർത്ഥ പ്രതിഫലം എത്രയായിരിക്കും എന്ന്. എങ്കിൽ ഇതാ വായിച്ചോളൂ മലയാളത്തിലെ പ്രധാനപ്പെട്ട അഞ്ചു സിനിമ താരങ്ങളും അവരുടെ പ്രതിഫലം കണക്കും.
മലയാളികൾക്ക് എല്ലാം അറിയുന്നതുപോലെതന്നെ മോളിവുഡിൽ ഏറ്റവും അധികം ആരാധകരുള്ള സൂപ്പർസ്റ്റാർ മോഹൻലാൽ തന്നെയാണ് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരം. ലാലേട്ടൻ തന്റെ സിനിമയാത്ര തുടങ്ങിയത് മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയിലൂടെ ആയിരുന്നു. ചിത്രത്തിൽ വില്ലനായി എത്തിയ ലാലേട്ടന് ആദ്യ സിനിമ അഭിനയത്തിനുള്ള പ്രതിഫലമായി ലഭിച്ചത് 2000 രൂപയായിരുന്നു. ഈ 2000 താരം ഒരു അനാഥാലയത്തിനായി സംഭാവന ചെയ്യുകയും ചെയ്തു. വർഷങ്ങൾക്കിപ്പുറം മലയാളത്തിലെ ഏറ്റവും വലിയ നടനായി മാറിയ ലാലേട്ടന്റെ ഇന്നത്തെ ശമ്പളം ഏതാണ്ട് 10 മുതൽ 25 കോടി രൂപ വരെയാണ്.
മലയാള സിനിമയിൽ പ്രതിഫല കണക്കിൽ രണ്ടാം സ്ഥാനത്ത്ആര് എന്നതിൽ കൊച്ചു കുട്ടികൾക്ക് പോലും സംശയം ഉണ്ടാവില്ല. ലാലേട്ടനോളം തന്നെ മലയാളിക്ക് പ്രിയങ്കരനായ മെഗാസ്റ്റാർ മമ്മൂട്ടിയാണ് പ്രതിഫലത്തിൽ രണ്ടാം സ്ഥാനത്ത്. തന്റെ 72ആം വയസ്സിലും 400 അധികം സിനിമകളുമായി മുന്നേറുന്ന താരം ഒരു സിനിമയ്ക്ക് ചാർജ് ചെയ്യുന്നത് ആറു മുതൽ 20 കോടി രൂപ വരെയാണ്.
തന്റെ ഇരുപത്തിരണ്ടാമത്തെ വയസ്സിൽ മലയാള സിനിമയിലേക്ക് ഓടി കയറിയ താരത്തിന് മികച്ച സിനിമകൾ മാത്രം നിർമ്മിച്ച ചരിത്രമുള്ള പ്രൊഡക്ഷൻ ഹൗസും ഇന്ന് സ്വന്തമായുണ്ട്.
മലയാള സിനിമയിലെ ഒഴിച്ചുകൂടാനാവാത്ത ഈ രണ്ടു താരങ്ങൾക്ക് ശേഷം പ്രതിഫല കണക്കിൽ അടുത്തത് നടൻ പൃഥ്വിരാജ് ആണ്. കരിയറിന്റെ തുടക്കത്തിൽ പലരും അഹങ്കാരി എന്ന് മുദ്രകുത്തി ഒതുക്കാൻ ശ്രമിച്ചു എങ്കിലും സ്വന്തപ്രയത്നത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും ഒരു നടനായും നിർമ്മാതാവായും സംവിധായകനായും പൃഥ്വിരാജ് പാനിന്ത്യൻ ലെവലിൽ തന്നെ പ്രശസ്തി നേടുകയായിരുന്നു. സിനിമ അഭിനയത്തിന് പുറമേ കല്യാൺ സിൽക്സ് പോലെയുള്ള വൻകിട കമ്പനികളുടെ ബ്രാൻഡ് അംബാസിഡർ കൂടിയായ പൃഥ്വിരാജ് എട്ടു മുതൽ 10 കോടി രൂപ വരെയാണ് ഓരോ ചിത്രങ്ങൾക്കും വാങ്ങിക്കുന്നത്.
മമ്മൂട്ടിക്കും മോഹൻലാലിനും പൃഥ്വിരാജിനും പിന്നാലെ പ്രതിഫല കണക്കിന് അടുത്തതായി വരുന്നത് ദുൽഖർ സൽമാൻ ആണ്. മമ്മൂട്ടിയുടെ മകൻ ആയാണ് സിനിമയിൽ കയറി വന്നതെങ്കിലും 2024ൽ എത്തിനിൽക്കുമ്പോൾ പാൻ ഇന്ത്യൻ ലെവലിൽ തന്നെ സ്വീകാര്യതയുള്ള ചുരുക്കം മലയാളം നടന്മാരിൽ ഒരാളായി ദുൽഖർ മാറിക്കഴിഞ്ഞു. മിക്ക സിനിമ ഇൻഡസ്ട്രികളിലെയും മുതിർന്ന നടന്മാർ പോലും പ്രശംസിക്കത്തക്ക വിധത്തിൽ ആയിരുന്നു ദുൽഖറിന്റെ വളർച്ച. ആറു മുതൽ 10 കോടി രൂപ വരെയാണ് ദുൽഖർ ഒരു സിനിമയ്ക്കായി വാങ്ങുന്നത്.
പ്രതിഫലത്തിന്റെ പട്ടികയിൽ 5ാം സ്ഥാനത്തുള്ളത് നടൻ ഫഹദ് ഫാസിലാണ്. സിനിമ അഭിനയം ആരംഭിച്ചത് തന്റെ പിതാവ് സംവിധാനം ചെയ്ത കയ്യെത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെയാണെങ്കിലും നടനെ കാത്തിരുന്നത് വൻ പരാജയമായിരുന്നു. വർഷങ്ങൾ കഴിഞ്ഞ് സംഭവിച്ച ഫഹദിന്റെ രണ്ടാം വരവിൽ പക്ഷേ കാര്യങ്ങൾ മാറിമറിഞ്ഞു. തുടർച്ചയായുള്ള നല്ല സിനിമകൾ, മലയാളത്തിന്റെ ഗതി തന്നെ മാറ്റിയ ചിത്രങ്ങൾ, കണ്ണുകൾ കൊണ്ട് അഭിനയിക്കുന്ന നടനെന്ന വിശേഷണം, മറ്റു ഭാഷകളിലെ നടന്മാരെ പോലും അസൂയപ്പെടുത്തിയ വേഷങ്ങൾ. ഇങ്ങനെ തുടങ്ങി പല വിശേഷങ്ങൾ ആയിരുന്നു പിന്നീടങ്ങോട്ട് നടനെ തേടി എത്തിയത്. സ്വന്തമായി പ്രൊഡക്ഷൻ ഹൗസും ഉള്ള ഹിറ്റ് സിനിമകൾ സമ്മാനിക്കുന്ന ഫഹദ് ഫാസിൽ എന്ന നടൻ ഇന്ന് ഓരോ സിനിമയ്ക്കും വാങ്ങുന്നത് 6 മുതൽ 10 കോടി രൂപ വരെയാണ്.