മോഹൻലാലിന്റെ ഏറ്റവും ഒടുവിലത്തെ സൂപ്പർ ഹിറ്റ് ചിത്രമായ തുടരുമിലെ ഒന്നൊന്നര വില്ലൻ ജോർജ് സാറിനെ അത്ര പെട്ടെന്നൊന്നും മലയാളികൾക്ക് മറക്കാൻ കഴിയില്ല. ഒരു ഹീറോയെ ഏറ്റെടുക്കുന്നത് പോലെ തന്നെ ചിത്രത്തിലെ വില്ലനെയും മലയാളികൾ ഒന്നടങ്കം ഏറ്റെടുക്കുകയായിരുന്നു. യഥാർത്ഥത്തിൽ തുടരും എന്ന ചിത്രത്തിന് മുൻപു തന്നെ മലയാളികളുമായി വളരെ അടുത്ത ബന്ധമുള്ള ആളായിരുന്നു പ്രകാശ് വർമ എന്നുതന്നെ പറയാം. പ്രേക്ഷകരെ ഏറ്റവും കൂടുതൽ ആനന്ദിപ്പിച്ചതും വിവിധ ബ്രാൻഡുകളിലേക്ക് അടുപ്പിച്ചതുമായ ഒട്ടുമിക്ക ഹിറ്റ് പരസ്യങ്ങളുടെയും പിന്നിൽ പ്രകാശ് വർമ്മയായിരുന്നു. പ്രകാശ് വർമ്മ സംവിധാനം ചെയ്ത വോഡഫോണിന്റെ സൂസൂ പരസ്യവും പഗ് നായ്ക്കുട്ടിയെ വച്ചുള്ള പരസ്യങ്ങളും അത്ര കണ്ട് സകലരെയും രസിപ്പിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിലിതാ ലാലേട്ടനുമായി കൈ ചേർത്ത് ഒരു ജ്വല്ലറിക്കായി പ്രകാശ് വർമ സംവിധാനം ചെയ്ത പരസ്യ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൻ വൈറലും കലാരംഗത്തും ജനങ്ങൾക്കുമിടയിൽ ചർച്ചയുമായി മാറിക്കൊണ്ടിരിക്കുന്നത്.
ജ്വല്ലറി മാർക്കറ്റിംഗ് തുടങ്ങിയ കാലം മുതലേ പരസ്യ ചിത്രങ്ങളിൽ എന്നും സ്ത്രീകളാണ് പ്രത്യക്ഷപ്പെടാറുള്ളത്. ഈ പതിവ് രീതിയാണ് പ്രകാശ് വർമ്മ ഇത്തവണ നടന രാജാവ് ലാലേട്ടനെ വച്ച് ബ്രേക്ക് ചെയ്തിരിക്കുന്നത്. ഒരുപക്ഷേ പ്രേക്ഷകർ ഒരിക്കലും ഒരു ജ്വല്ലറി പരസ്യത്തിൽ ഡയമണ്ട് മാലയും കൈവളയും മോതിരവുമണിഞ്ഞ് ഒരു പുരുഷനെ സങ്കൽപ്പിച്ചിരിക്കില്ല. പ്രത്യേകിച്ച് അല്പം സ്ത്രണൈ ഭാവത്തിൽ പ്രത്യക്ഷപ്പെടുന്ന ലാലേട്ടനെ. ഇവിടെയാണ് മോഹൻലാൽ എന്ന നടന വിസ്മയവും പരസ്യ ചിത്രവും അതേപോലെ സംവിധായകൻ പ്രകാശ് വർമയും വ്യത്യസ്തരാകുന്നത്.
പരസ്യചിത്രം വൈറലായതോടെ നിരവധി പേരാണ് മോഹൻലാലിനും പ്രകാശ് വർമ്മക്കും കയ്യടിച്ച് രംഗത്തെത്തുന്നത്. ആഭരണങ്ങൾ അണിഞ്ഞ് സ്ത്രണൈ ഭാവത്തിൽ മനോഹരമായി ചുവടുവെക്കുന്ന ലാലേട്ടന്റെ ദൃശ്യങ്ങൾ പങ്കുവെച്ച് ‘ലാലേട്ടന് മാത്രം സാധിക്കുന്ന വിസ്മയം’ എന്നാണ് പലരും സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്.
അതേസമയം പരസ്യ ചിത്രത്തെ അഭിനന്ദിച്ച് സിനിമാരംഗത്ത് ഉള്ളവരും രംഗത്തെത്തിയിട്ടുണ്ട്. ‘നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നു’ എന്നാണ് പരസ്യത്തെ അഭിനന്ദിച്ചുകൊണ്ട് നടി ഖുശ്ബു കുറിച്ചത്. സംവിധായകനും നടനുമായ അനൂപ് മേനോനും മറ്റു താരങ്ങളും പരസ്യത്തെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരുന്നു.









