ദൃശ്യം 2 ചിത്രീകരണം പൂർത്തിയാക്കി ആറാട്ടിനൊരുങ്ങി മോഹൻലാൽ. ബി. ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ഒരു മാസ് മസാല പടം എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. കോമഡിക്ക് പ്രാധാന്യം നൽകുന്ന ചിത്രത്തിൽ മികച്ച ആക്ഷൻ രംഗങ്ങളും ഉണ്ടാകുമെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.
പുലിമുരുകനു ശേഷം മോഹൻലാലിനു വേണ്ടി ഉദയകൃഷ്ണ രചന നിർവഹിക്കുന്ന ചിത്രത്തിൽ ‘നെയ്യാറ്റിൻകര ഗോപൻ’ എന്ന കഥാപാത്രമായാണ് എത്തുന്നത്. രാജാവിൻറെ മകനിലൂടെ ഫേമസായ മൈ ഫോൺ നമ്പർ ഈസ് ‘2255’ എന്ന ഡയലോഗിലെ നമ്പറോടു കൂടിയ ഒരു ബെൻസ് കാറാണ് ചിത്രത്തിലെ മറ്റൊരു ഹൈലൈറ്റ്. എന്തോ ഒരു പ്രത്യേക ലക്ഷ്യത്തിനായി നെയ്യാറ്റിൻകരയിൽ നിന്നും പാലക്കാട്ടെ ഗ്രാമത്തിലേക്കെത്തുകയാണ് ഗോപൻ. തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളാണ് ചിത്രം. –
18കോടിയുടെ ബജറ്റിലാണ് ചിത്രം ഒരുക്കുന്നതെന്ന് സംവിധായകൻ ബി.ഉണ്ണികൃഷ്ണൻ നേരത്തെ വ്യക്തമാക്കിയിരുന്നു. 60 ദിവസത്തെ ചിത്രീകരണമാണ് ആലോചിക്കുന്നതെന്നും അറിയിച്ചിരുന്നു. മാടമ്പി ഗ്രാൻഡ് മാസ്റ്റർ, മിസ്റ്റർ ഫ്രോഡ്, വില്ലൻ എന്നീ ചിത്രങ്ങൾക്ക് ശേഷം മോഹൻലാൽ-ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിക്കുന്ന ആറാട്ടിൽ ശ്രദ്ധ ശ്രീനാഥ് ആണ് നായികയായെത്തുന്നത്. നെടുമുടി വേണു, സിദ്ദീഖ്, സായ് കുമാർ, വിജയ രാഘവൻ, ജോണി ആൻറണി, ഇന്ദ്രൻസ്, രാഘവൻ, നന്ദു, ബിജു പപ്പൻ, ഷീല, സ്വാസിക, മാളവിക, രചന നാരായണൻ കുട്ടി എന്നിവരും ശ്രദ്ധേയ വേഷങ്ങളിലെത്തുന്നുണ്ട്.
23ന് പാലക്കാട് ചിത്രീകരണം ആരംഭിക്കുന്ന സിനിമയ്ക്ക് ഹൈദരാബാദും ലൊക്കോഷനുണ്ട്. 2021 ൽ ഓണം റിലീസായി ചിത്രം തിയറ്ററുകളിലെത്തിക്കുമെന്നാണ് റിപ്പോർട്ടുകൾ.