നെയ്യാറ്റിന്‍കര ഗോപനായി മോഹന്‍ലാല്‍ എത്തുന്ന ‘ആറാട്ടി’ന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. കറുത്ത നിറത്തിലുള്ള ഫുള്‍ സ്ലീവ് ഷര്‍ട്ടും കറുത്ത കരയുള്ള ഡബിള്‍ മുണ്ടും ധരിച്ച് കസേരയിലിരിക്കുന്ന മോഹന്‍ലാല്‍ ആണ് പോസ്റ്ററില്‍. മോഹന്‍ലാല്‍ തന്നെയാണ് ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ പുറത്തുവിട്ടത്.
ബി. ഉണ്ണിക്കൃഷ്മന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ‘നെയ്യാറ്റിന്‍കര ഗോപന്‍’ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ‘നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്’ എന്നാണ് ചിത്രത്തിന്റെ മുഴുവന്‍ ടൈറ്റില്‍. സ്വദേശമായ നെയ്യാറ്റിന്‍കരയില്‍ നിന്നും ഒരു പ്രത്യേക ലക്ഷ്യത്തോടെ ഗോപന്‍ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ സംഭവങ്ങളുമാണ് ചിത്രത്തിന്റെ കഥ. ഉദയകൃഷ്ണ ആണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. നേരത്തെ പുറത്തെത്തിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ശ്രദ്ധ നേടിയിരുന്നു.
ശ്രദ്ധ ശ്രീനാഥാണു നായിക. നെടുമുടി വേണു, സായ്‌കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്റണി, ഇന്ദ്രന്‍സ്, രാഘവന്‍, നന്ദു, ബിജു പപ്പന്‍, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങിയവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.