Spread the love

മോഹൻലാലിനെതിരായ അധിക്ഷേപ പരാമർശത്തിൽ പോലീസ് നടപടി നേരിട്ടതിനു ശേഷവും തന്റെ അഭിപ്രായത്തിൽ ഉറച്ചുനിൽക്കുന്നു എന്ന് ചെകുത്താൻ എന്ന പേരിൽ അറിയപ്പെടുന്ന യൂട്യൂബ് അജു അലക്സ്. കഴിഞ്ഞ ദിവസമാണ് ‘വയനാട് ദുരന്ത ഭൂമി സന്ദർശിച്ച നടനും സൈനിക ഉദ്യോഗസ്ഥനുമായ മോഹൻലാലിന്റെ നടപടി ശരിയല്ലെ’ന്ന രീതിയിൽ അധിക്ഷേപ പരാമർശം നടത്തിയ അജുവിനെ പോലീസ് അറസ്റ്റ് ചെയ്തത്. മോഹൻലാലിന്റെ സന്ദർശനത്തിലൂടെ ദുരന്ത ഭൂമിയിലെ സൈന്യത്തിന്റെ വിലപ്പെട്ട സമയം നഷ്ടപ്പെട്ടു എന്ന രീതിയിൽ ആയിരുന്നു അജുവിന്റെ പരാമർശം.

അതേ സമയം അജുവിനെതിരായ നിയമനടപടിക്ക് നേതൃത്വം നൽകിയ തിരുവല്ല സിഐ സുനിൽ കൃഷ്ണൻ മാധ്യമങ്ങളോട് പ്രതികരിച്ചു. ചെകുത്താനെ പോലെയുള്ള യൂട്യൂബർമാരെ കടിഞ്ഞാൺ ഇട്ട് നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണെന്നും കേസിൽ മാതൃകാപരമായ നടപടിയെടുക്കാൻ ഉന്നതതല നിർദ്ദേശം ഉണ്ടെന്നും സിഐ വ്യക്തമാക്കി. നിലവിൽ അജു അലക്സിന്റെ എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തിരിക്കുകയാണ്. ഇവ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുമെന്നാണ് വിവരം. കേസുമായി ബന്ധപ്പെട്ട് മോഹൻലാൽ തന്നെ നേരിട്ട് ബന്ധപ്പെട്ടിരുന്നുവെന്നും വ്യക്തി എന്ന നിലയിൽ അധിക്ഷേപം ഏറ്റുവാങ്ങിയതിലല്ല തനിക്ക് വിഷമമെന്നും സൈന്യത്തെ ആക്ഷേപിച്ചതിൽ ആണ് വിഷമം എന്നും മോഹൻലാൽ വ്യക്തമാക്കിയതായി സിഐ കൂട്ടിച്ചേർത്തു.

അതേസമയം മോഹൻലാലിനെതിരെ ഉന്നയിച്ച പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നു എന്നും വിഷയത്തിൽ സൈന്യത്തിന് പരാതി നൽകുമെന്നും അജു അലക്സ് മാധ്യമങ്ങളോട് പറഞ്ഞു.

Leave a Reply