നടനവിസ്മയം മോഹൻലാലിൻ്റെ ജന്മദിനമാണ് ഇന്ന്. മഞ്ഞിൽവിരിഞ്ഞ പൂക്കളിലൂടെയാണ് അദ്ധേഹം ആരാധകരുടെ ഹൃദയത്തില് സ്ഥാനം പിടിച്ചത്.
1960 മേയ് 21 ന് വിശ്വനാഥൻ നായരുടെയും ശാന്തകുമാരിയുടെയും മകനായി പത്തനംതിട്ട ഇലന്തൂരിൽ ജനനം. അച്ഛൻ വിശ്വനാഥൻനായർ കേരള സെക്രട്ടേറിയേറ്റിലെ നിയമ വകുപ്പിലെ ഉദ്യോഗസ്ഥനായിരുന്നു. തിരുവനന്തപുരത്തുള്ള മുടവൻമുകളിലെ തറവാട്ടു വീട്ടിലായിരുന്നു കുട്ടിക്കാലം. മുടവൻമുകളിലുള്ള ഒരു ചെറിയ സ്കൂളിലാണ് അദ്ധേഹം തന്റെ വിദ്യാഭ്യാസം ആരംഭിക്കുന്നത്. പ്രിയദർശൻ, എം.ജി. ശ്രീകുമാർ തുടങ്ങിയവർ അദ്ദേഹത്തിന്റെ സഹപാഠികൾ ആയിരുന്നു. ഈ സൗഹൃദം അദ്ദേഹത്തെ ഒരുപാടു സ്വാധീനിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ മോഡൽ സ്കൂളിലാണ് അദ്ധേഹം സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. അദ്ധേഹം സ്കൂൾ വിദ്യാഭ്യാസ കാലത്തുതന്നെ നാടകങ്ങളിലും മറ്റും അഭിനയിക്കുമായിരുന്നു. ആറാം ക്ലാസിലായിരുന്നപ്പോൾ അദ്ദേഹത്തെ സ്കൂളിലെ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ഇതു സാധാരണ സ്കൂളിലെ മുതിർന്ന വിദ്യാർത്ഥികൾക്കു ലഭിച്ചിരുന്ന ഒരു പുരസ്കാരമായിരുന്നു. മോഹൻലാലിന്റെ ഉപരിപഠനം തിരുവനന്തപുരത്തെ എം.ജി കോളേജിൽ ആയിരുന്നു. കോളേജിൽ ഒപ്പമുണ്ടായിരുന്ന പലരും, പ്രത്യേകിച്ചു പ്രിയദർശൻ, മണിയൻപിള്ള രാജു തുടങ്ങിയവർ മോഹൻലാലിന്റെ അഭിനയ ജീവിതത്തിൽ നിർണായക പങ്കുവഹിച്ചതിനൊപ്പം മലയാള സിനിമയിൽ സ്വന്തമായ സ്ഥാനം ഉറപ്പിച്ചവരുമാണ്.കിളിക്കൊഞ്ചൽ എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുള്ള പ്യാരേലാൽ എന്ന അദ്ദേഹത്തിന്റെ ജ്യേഷ്ഠൻ 2000 ൽ മരണമടഞ്ഞിരുന്നു. അദ്ധേഹം ആദ്യമായി അഭിനയിച്ച സിനിമ തിരനോട്ടം (ചലച്ചിത്രം1978) ആയിരുന്നു. ലാലിന്റെ സുഹൃത്തുക്കളുടെ തന്നെ നിർമ്മാണ സംരംഭമായ ഭാരത് സിനി ഗ്രൂപ്പ് ആണ് ഈ ചിത്രം നിർമ്മിച്ചത്. അദ്ധേഹം ഈ ചിത്രത്തിൽ ഒരു ഹാസ്യ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. സെൻസർ ബോർഡുമായി ബന്ധപ്പെട്ട ചില തടസ്സങ്ങൾ മൂലം ഈ ചിത്രം പുറത്തിറങ്ങിയില്ല. അഭിനയിച്ച്, പ്രേക്ഷകരുടെ മുന്നിലെത്തിയ ആദ്യത്തെ സിനിമ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ (1980) ആയിരുന്നു. ആദ്യചിത്രം പുറത്തിറങ്ങുമ്പോൾ 20 വയസ്സായിരുന്നു അദ്ദേഹത്തിൻ്റെ പ്രായം. ആ ചിത്രത്തിൽ വില്ലൻ വേഷമായിരുന്നു അദ്ദേഹത്തിൻ്റേത്. 1983-ൽ 25-ഓളം ചിത്രങ്ങളിൽ അദ്ധേഹം അഭിനയിക്കുകയുണ്ടായി. മാളിയംപുരക്കൽ ചാക്കോ പുന്നൂസ് ( നവോദയ അപ്പച്ചൻ ) സംവിധാനം ചെയ്ത അദ്ധേഹം അഭിനയിച്ച എന്റെ മാമാട്ടിക്കുട്ടിയമ്മക്ക് എന്ന ചിത്രം വളരെ അധികം ജനശ്രദ്ധ നേടിയിരുന്നു. ആ കാലഘട്ടത്തിൽ അദ്ദേഹത്തിൻ്റെ ശ്രദ്ധിക്കപ്പെട്ട മറ്റൊരു ചിത്രമായിരുന്നു ഉയരങ്ങളിൽ. പ്രിയദർശന്റെ ആദ്യചിത്രമായ പൂച്ചക്കൊരു മൂക്കുത്തി എന്ന ചിത്രത്തിൽ അദ്ധേഹം ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ട്. ചിത്രം കിലുക്കം, മിന്നാരം, തേന്മാവിൻ കൊമ്പത്ത്, തുടങ്ങിയ ചിത്രങ്ങൾ മോഹൻലാൽ, പ്രിയദർശൻ കൂട്ടുകെട്ടിന്റെ വിജയചിത്രങ്ങളിൽ പ്രധാനങ്ങളാണ്.പ്രിയദർശൻ കഥയും, തിരക്കഥയും നിർവഹിച്ച് എം.മണി സംവിധാനം ചെയ്ത് 1983 ൽ പുറത്ത് ഇറങ്ങിയ എങ്ങനെ നീ മറക്കും എന്ന ചിത്രത്തിലുടെ എൺപതുകളിൽ ലാൽ തന്റെ ആദ്യ ചിത്രം മുതൽ വില്ലൻ വേഷം മാത്രം ലഭിച്ചപ്പോൾ ഈ ചിത്രത്തിലെ മികച്ച അഭിനയത്തിലൂടെയാണ് അദ്ദേഹത്തിന് നായക പദവി ലഭിച്ചു തുടങ്ങിയത്. അദ്ദേഹത്തിന് 1986 ൽ വർഷത്തിൽ പുറത്തിറങ്ങിയ ടി.പി. ബാലഗോപാലൻ എം.എ. എന്ന സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രത്തിലെ അഭിനയത്തിന് ആദ്യമായി മികച്ച നടനുള്ള കേരള സംസ്ഥാന സർക്കാർ പുരസ്കാരം ലഭിക്കുകയുണ്ടായി. പിന്നീട് പുറത്തിറങ്ങിയ രാജാവിന്റെ മകൻ എന്ന ചിത്രം അദ്ദേഹത്തെ മലയാള സിനിമയിലെ സൂപ്പർ സ്റ്റാർ പദവിയിലേക്കുയർത്തി. വില്ലൻ വേഷങ്ങളിലാണ് വന്നതെങ്കിലും പിന്നീട് നായക വേഷങ്ങൾ നന്നായി ചെയ്തു തുടങ്ങിയതു മുതൽ അദ്ദേഹം മലയാളികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടി.1989-ൽ ദേശീയ ചലച്ചിത്ര പുരസ്കാര ജൂറിയുടെ പ്രത്യേക പരാമർശം കിരീടത്തിലെ അഭിനയത്തിന് അദ്ദേഹത്തിന് ലഭിച്ചിരുന്നു.ഭരതം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്കാരം ലഭിച്ചു. അദ്ദേഹത്തിൻ്റെ ചിത്രം എന്ന സിനിമ എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിൽ 365 ദിവസത്തിലധികം തുടർച്ചയായി പ്രദർശിപ്പിച്ചു ചരിത്രം സൃഷ്ടിചിട്ടുണ്ട്.1993-ൽ അഭിനയിച്ച ചിത്രമായ മണിച്ചിത്രത്താഴിന് ജനപ്രീതി നേടിയ ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നേടുകയുണ്ടായി.1997-ൽ അദ്ദേഹം അഭിനയിച്ച ഗുരു എന്ന ചിത്രം ഓസ്കാർ അവാർഡിനു വേണ്ടിയുള്ള വിദേശ ചലച്ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടിയിരുന്നു.മികച്ച നടനുള്ള ദേശീയ അവാർഡ് രണ്ടാം തവണയം വാനപ്രസ്ഥം എന്ന ചിത്രം നേടിക്കൊടുത്തു. 2006-ലെ തന്മാത്ര എന്ന ചിത്രത്തിന് മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു. 2007-ൽ പുറത്തിറങ്ങിയ പരദേശി എന്ന ചിത്രം സാമ്പത്തികമായി പരാജയം ആയിരുന്നു എങ്കിലും, മികച്ച നടനുള്ള കേരള സംസ്ഥാന സർക്കാറിന്റെ പുരസ്കാരവും, ഫിലിം ഫെയർ പുരസ്കാരവും, ക്രിട്ടിക്സ് അവാർഡും അദ്ദേഹത്തിന് നേടിക്കൊടുത്തു.
1997-ലാണ് അദ്ധേഹം, മണിരത്നം സംവിധാനം ചെയ്ത ‘ഇരുവർ’ എന്ന തമിഴ് ചലച്ചിത്രത്തിൽ അഭിനയിക്കുന്നത്. ഇതിനു ശേഷമാണ് അദ്ധേഹം മലയാള ഭാഷേതര ചിത്രങ്ങളിൽ ശ്രദ്ധേയനാകുന്നത്. ബോളിവുഡ് ചിത്രമായ കമ്പനി എന്ന ചിത്രത്തിൽ 2002-ൽ അഭിനയിക്കുകയുണ്ടായി. ഈ ചിത്രത്തിലെ അഭിനയത്തിന് ഇന്റർനാഷനൽ ഇന്ത്യൻ ഫിലിം അക്കാഡമിയുടെ (IIFAA) നല്ല സഹ നടനുള്ള അവാർഡ് ലഭിച്ചു. 2009-ൽ വിഖ്യാത നടൻ കമലഹാസനോടൊപ്പം തമിഴിൽ, ഉന്നൈ പോൽ ഒരുവൻ എന്ന ചിത്രത്തിലും അഭിനയിച്ചു. 2014-ൽ പുറത്തിറങ്ങിയ തമിഴ് ചലച്ചിത്രം ജില്ലയിൽ വിജയ്ക്ക് ഒപ്പം നായക തുല്യമായ വേഷത്തിൽ അഭിനയിച്ചു.തന്റെ 30 വർഷത്തിലധികം നീണ്ട അഭിനയ ജീവിതത്തിൽ മാറ്റങ്ങളെ ഉൾക്കൊണ്ടു അഭിനയിച്ചിട്ടുള്ള ഒരു നടനാണ് അദ്ധേഹം. പുതിയ നായക നടന്മാർ മലയാള ചലച്ചിത്ര രംഗത്ത് ഉയർന്നു വന്നെങ്കിലും ഒരു മലയാള ചലച്ചിത്രത്തിലെ സൂപ്പർസ്റ്റാർ എന്ന പദവി നില നിർത്താൻ അദ്ദേഹത്തിന് കഴിഞ്ഞു.
അന്തരിച്ച തമിഴ് നടനും, നിർമ്മാതാവുമായ കെ. ബാലാജിയുടെ മകൾ സുചിത്രയെയാണ് അദ്ദേഹം വിവാഹം ചെയ്തിരിക്കുന്നത്. ഇവർക്ക് രണ്ടു മക്കളുണ്ട് പ്രണവ്, വിസ്മയ.അഭിനയത്തിന് പുറമെ മാജിക്, ഗാനാലാപനം, സംവിധാനം തുടങ്ങിയ മേഖലകളിലും അദ്ദേഹം കൈവെച്ചിടുണ്ട്.
സിനിമാലോകത്തിനു നൽകിയ സമഗ്ര സംഭാവനകളെ മാനിച്ച് ഭാരത സർക്കാർ 2001ൽ അദ്ദേഹത്തിന് പത്മശ്രീ ബഹുമതി നൽകി ആദരിച്ചു.
കീർത്തിചക്ര, കുരുക്ഷേത്ര എന്നീ സിനിമകളിലൂടെ രാജ്യത്തിന് വേണ്ടി ജീവിതം ബലികഴിച്ച ജവാന്മാരുടെ കഥകൾ ജനങ്ങളിലെത്തിക്കാൻ അദ്ദേഹം നൽകിയ സംഭാവനകളെ പരിഗണിച്ച് 2009 ജുലൈ 9 ന് ടെറിറ്റോറിയൽ ആർമി ലഫ്റ്റനന്റ് കേണൽ പദവി (ഓണററി) നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു.
സിനിമാലോകത്തിനും സംസ്കൃത നാടകത്തിനും നൽകിയ സംഭാവനകളെ മാനിച്ച് കാലടി സംസ്കൃത സർവ്വകലാശാല ഡോക്ടറേറ്റ് നൽകി ആദരിച്ചിട്ടുണ്ട്.ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച്, 2019 ൽ പത്മഭൂഷൺ ബഹുമതി നൽകി ഭാരത സർക്കാർ അദ്ദേഹത്തെ ആദരിച്ചു.
കേരള പിറവിയുടെ സുവർണ്ണ ജൂബിലിയുമായി ബന്ധപ്പെട്ടു സി.എൻ.എൻ – ഐ.ബി.എൻ നടത്തിയ സർവ്വെയിൽ ഏറ്റവും ജനപ്രീതിയുള്ള മലയാളിയായി അദ്ദേഹത്തെ 2006-ൽ തിരഞ്ഞെടുത്തു.