പ്രഭാസിനെ നായകനാക്കി കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാലും. ചിത്രത്തിലെ പ്രധാന കഥാപാത്രമാവാന്‍ അണിയറ പ്രവര്‍ത്തകര്‍ മോഹന്‍ലാലിനെ സമീപിച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പ്രഭാസ് അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്‍റെ ഗോഡ്‍ഫാദര്‍ റോളിലേക്കാണ് മോഹന്‍ലാലിനെ പരിഗണിക്കുന്നത്. ചിത്രത്തില്‍ അഭിനയിക്കാന്‍ മോഹന്‍ലാലിന് 20 കോടി രൂപ വാഗ്ദാനം ചെയ്തതായും തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
കഴിഞ്ഞ ദിവസമാണ് ആക്ഷന്‍ ചിത്രം സലാര്‍ പ്രഖ്യാപിക്കുന്നത്. ‘സലാര്‍’ എന്നതിന് ‘കമാന്‍ഡര്‍ ഇന്‍ ചീഫ്’, ‘ഒരു രാജാവിന്‍റെ വലംകൈ’, എന്നൊക്കെയാണ് പ്രശാന്ത് നീല്‍ അര്‍ഥം പറഞ്ഞത്. അതിനാല്‍ മോഹന്‍ലാലിനെ കാത്തിരിക്കുന്നത് സുപ്രധാന വേഷമായിരിക്കുമെന്നാണ് വാര്‍ത്തകള്‍. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഈ മാസം തന്നെ ഉണ്ടാവുമെന്നും റിപ്പോര്‍ട്ടിലുണ്ട്.
മനമന്ത, ജനത ഗാരേജ് എന്നീ ചിത്രങ്ങളിലാണ് മോഹന്‍ലാല്‍ അവസാനമായി തെലുങ്കില്‍ അഭിനയിച്ചത്. ഈ ചിത്രങ്ങള്‍ മോഹന്‍ലാലിന് വലിയ ഫാന്‍ബേസ് നേടിക്കൊടുത്തിരുന്നു. ജൂനിയര്‍ എന്‍ടിആറിനൊപ്പം മോഹന്‍ലാല്‍ എത്തിയ ജനത ഗാരേജ് ആ വര്‍ഷത്തെ ഏറ്റവും വലിയ തെലുങ്ക് വിജയങ്ങളില്‍ ഒന്നുമായിരുന്നു. പ്രഭാസിനൊപ്പം മോഹന്‍ലാല്‍ കൂടി എത്തുന്നത് പ്രേക്ഷകശ്രദ്ധ കൂട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. കെജിഎഫ് ചാപ്റ്റര്‍ 2നു ശേഷം പ്രശാന്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. പാന്‍-ഇന്ത്യന്‍ ആക്ഷന്‍ ചിത്രത്തില്‍ പ്രഭാസ് ഒഴികെയുള്ള അഭിനേതാക്കളുടെ പേരുവിവരങ്ങള്‍ ഔദ്യോഗികമായി ഇതുവരെ പുറത്തെത്തിയിട്ടില്ല.