മഹാ കുംഭമേളയിൽ മാലവില്പനയ്‌ക്കെത്തി സോഷ്യൽ മീഡിയയിലൂടെ വൈറലായ മൊണാലിസയ്‌ക്ക് സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത സംവിധായകൻ പീഡന കേസിൽ അറസ്റ്റിൽ. സനോജ് മിശ്രയാണ് ഡൽഹിയിൽ ഇന്ന് അറസ്റ്റിലായത്. നായികയാക്കാമെന്ന് വാഗ്ദാനം നൽകിയാണ് യുവ നടിയെ ഇയാൾ പീഡനത്തിനിരയാക്കിയത്.
ടിക്ക് ടോക്ക്, ഇൻസ്റ്റഗ്രാം വഴി 2020-ലാണ് സംവിധാകനെ പരിചയപ്പെടുന്നതെന്ന് യുവതി പറഞ്ഞു. ഝാൻസിയിലായിരുന്നു ആ സമയം താമസിച്ചിരുന്നത്. ഇടയ്‌ക്ക് വല്ലപ്പോഴും ഇവർ തമ്മിൽ സംസാരിച്ചിരുന്നു. 2021 ജൂൺ 17ന് തന്നെ മിശ്ര വിളിക്കുകയും ഝാൻസിയിലെ റെയിൽവേ സ്റ്റേഷനിലുണ്ടെന്ന് പറയുകയും ചെയ്തു.എന്നാൽ നേരിൽ കാണാൻ താൻ വിസമ്മതിച്ചു. തുടർന്ന് മിശ്ര ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു. ഇതിനെ തുടർന്ന് പേടിച്ച യുവതി പിറ്റേന്ന് കാണാമെന്ന് സമ്മതിച്ചു. പിറ്റേന്ന് മിശ്ര റിസോർട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് നൽകി പീഡിപ്പിക്കുകയുമായിരുന്നു എന്നാണ് പരാതി.
തന്റെ നഗ്ന വീഡിയോകൾ ചിത്രീകരിക്കുകയും ഇത് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും അവർ പൊലീസിന് നൽകിയ മൊഴിയിൽ വ്യക്തമാക്കി. തുടർന്ന് ഇത്തരത്തിൽ ഭീഷണിപ്പെടുത്തിയും വിവാഹ-സിനിമ വാഗ്ദാനങ്ങളും നൽകി പലയിടങ്ങളിൽ വച്ച് പീഡനത്തിനിരയാക്കിയെന്നും യുവതി പറയുന്നു.