പാണ്ടിക്കാട്: ഹോട്ടലുടമയുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച ശേഷം ഗൂഗിള്‍ പേ ഉപയോഗിച്ച് 75,000 രൂപ കവര്‍ന്ന കേസില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു. അങ്ങാടിപ്പുറം സ്വദേശി തെക്കേ വളപ്പില്‍ മുഹമ്മദ് ഷാരിഖ് (27), വളരാട് സ്വദേശി പീച്ചമണ്ണില്‍ മുഹമ്മദ് ഇര്‍ഫാന്‍ (19) എന്നിവരെയാണ് പാണ്ടിക്കാട് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ കെ. റഫീഖിന്‍റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
ഈ മാസം 23നായിരുന്നു സംഭവം. പാണ്ടിക്കാട് ടൗണിലെ ഗായത്രി ഹോട്ടല്‍ ഉടമ മുരളീധരന്‍ പൂളമണ്ണയുടെ പണമാണ് തട്ടിയത്. ഹോട്ടലിലെ മുന്‍ ജീവനക്കാരനായ മുഹമ്മദ് ഇര്‍ഫാന്‍ മുരളീധരന്‍റെ ഗൂഗിള്‍ ഫപേ പിന്‍ നമ്ബര്‍ മനസ്സിലാക്കുകയും ഫോണ്‍ മോഷ്ടിച്ച് മുഹമ്മദ് ഷാരീഖിന്‍റെ അക്കൗണ്ടിലേക്ക് രണ്ട് തവണയായി 75,000 രൂപ ട്രാന്‍സ്ഫര്‍ ചെയ്യുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.
കേസില്‍ കുപ്രസിദ്ധ കുറ്റവാളിയും ആമക്കാട് സ്വദേശിയുമായ സിയാദ് ഉള്‍പ്പെടെ പ്രതികളാണെന്നും അവരെ ഉടന്‍ പിടികൂടുമെന്നും പൊലീസ് പറഞ്ഞു. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. എ.എസ്.ഐ സെബാസ്റ്റ്യന്‍ രാജേഷ്, എസ്.സി.പി.ഒമാരായ ശൈലേഷ് ജോണ്‍, രതീഷ്, പി. ശശി, ഗോപാലകൃഷ്ണന്‍, സി.പി.ഒമാരായ സുമേഷ്, ജയന്‍, മിര്‍ഷാദ് കൊല്ലേരി, കെ. രാകേഷ്, സന്ദീപ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.