ന്യൂഡൽഹി: കൊവിഡിന് ശേഷം ലോകമെമ്പാടും വ്യാപിക്കുന്ന മങ്കി പോക്സ് ന്യൂഡൽഹിയിലും കണ്ടെത്തി. 31കാരനാണ് അസുഖം കണ്ടെത്തിയത്. രോഗം സ്ഥിരീകരിച്ചയാൾ വിദേശയാത്ര നടത്തിയിട്ടില്ലെന്നത് ആശങ്ക വർദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഡൽഹിയിൽ മങ്കിപോക്സ് വൈറസ് ബാധ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് അറിയിച്ചത്. രോഗബാധിതൻ മൗലാന ആസാദ് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
കേരളത്തിൽ മൂന്ന് പേർക്ക് മങ്കിപോക്സ് സ്ഥിരീകരിച്ചിരുന്നു. കൊല്ലത്തും, കണ്ണൂരും രോഗം കണ്ടെത്തിയതിന് പിന്നാലെ മലപ്പുറത്താണ് മൂന്നാമത്തെ കേസ് സ്ഥിരീകരിച്ചത്. യു.എ.ഇയിൽ നിന്നെത്തിയ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. കേരളത്തിൽ മങ്കി പോക്സ് സ്ഥിരീകരിച്ചവരെല്ലാം വിദേശ യാത്ര കഴിഞ്ഞെത്തിയവരായിരുന്നു. ഇതുവരെ ഇവരിൽ നിന്നും മറ്റുള്ളവരിലേക്ക് അസുഖം പകരാതിരുന്നതും ആരോഗ്യ വിഭാഗത്തിന് ആശ്വാസമായിരുന്നു.