സംസ്ഥാനത്ത് മങ്കിപോക്സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നിയോഗിച്ച വിദഗ്ദ സംഘം ഇന്ന് കേരളത്തിലെത്തും. നാഷണൽ സെന്‍റർ ഫോർ ഡിസീസ് കൺട്രോളിലെ ഒരു അംഗവും, ആരോഗ്യ മന്ത്രാലയത്തിൽ നിന്നുള്ള ഉപദേഷ്ടാവും, രണ്ട് ഡോക്ടർമാരുമാണ് സംഘത്തിലുള്ളത്. സംസ്ഥാനത്തെ പ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യ വകുപ്പിന് വേണ്ട നിർദേശങ്ങളുംസഹായങ്ങളും സംഘം നൽകും.
ആവശ്യമെങ്കില്‍ കേരളത്തിൽ കൂടുതൽ പേരെ നിരീക്ഷണത്തിലേക്ക് മാറ്റാൻ നടപടി എടുക്കും. രോഗബാധിതനായ കൊല്ലം സ്വദേശിക്കൊപ്പം വിമാനത്തിൽ അടുത്തു യാത്ര ചെയ്ത 11 പേർ ഉണ്ടെന്നു കണ്ടെത്തിയിരുന്നു. ഇവരോട് സ്വയം നിരീക്ഷണം പാലിക്കാനും, ലക്ഷണങ്ങൾ കണ്ടെത്തിയാൽ പരിശോധിക്കാനും നിർദേശം നൽകിയിരുന്നു.ചികിത്സ, ഐസൊലേഷൻ, വിമാന താവളങ്ങളിൽ ഉൾപ്പടെ നിരീക്ഷണം എന്നിവയിൽ വിശദമായ മാർഗ രേഖയും തയാറാണ്.