Spread the love
മാസംതോറും വൈദ്യുതിനിരക്ക് പരിഷ്കരണം; കേരളത്തിന് എതിർപ്പ്

മാസംതോറും വൈദ്യുതിനിരക്ക് കൂട്ടണമെന്ന നിയമഭേദഗതി അംഗീകരിക്കാനാവില്ലെന്ന് കേരളം കേന്ദ്രത്തെ അറിയിച്ചു. ഇത് വിതരണക്കമ്പനികൾക്ക് അനർഹമായ നേട്ടമുണ്ടാക്കുമെന്നും ഉപഭോക്താക്കൾക്ക് ദുരിതമാകുമെന്നുമാണ് കേരളത്തിന്റെ അഭിപ്രായം.

വൈദ്യുതി ഉത്പാദിപ്പിക്കാൻ ആവശ്യമായ ഇന്ധനത്തിന്റെ വിലയിലുണ്ടാകുന്ന വർധന സർച്ചാർജായി എല്ലാ മാസവും ഈടാക്കാമെന്നാണ് കേന്ദ്രം തയ്യാറാക്കിയ വൈദ്യുതിച്ചട്ടത്തിൽ നിർദേശിക്കുന്ന പ്രധാനമാറ്റം.

ഇന്ധന സർച്ചാർജ് ഇപ്പോൾ മൂന്നുമാസത്തിലൊരിക്കലാണ് കണക്കാക്കുന്നത്. എത്ര തുക ഈടാക്കാമെന്ന് തീരുമാനിക്കുന്നത് സംസ്ഥാനങ്ങളിലെ റെഗുലേറ്ററി കമ്മിഷനുകളാണ്. സംസ്ഥാനത്തെ സാഹചര്യങ്ങൾ പരിഗണിച്ച് പലപ്പോഴും ഇത് ഈടാക്കുന്നത് നീട്ടിവെക്കുകയാണ് കമ്മിഷൻ ചെയ്യാറ്. കമ്മിഷനുകളുടെ മുൻകൂർ അനുമതിയില്ലാതെ ഇത് മാസംതോറും വൈദ്യുതിബില്ലിൽ ചുമത്തി ഈടാക്കാമെന്നാണ് കേന്ദ്രത്തിന്റെ പുതിയ നിർദേശം.

പുതിയ ചട്ടം നടപ്പാക്കിയാൽ പെട്രോൾ, ഡീസൽ വില അടിക്കടി കൂടുന്നതുപോലെ വൈദ്യുതിനിരക്കും കൂടും. താരിഫ് നിർണയത്തിൽ റെഗുലേറ്ററി കമ്മിഷനുകളുടെ കർശനപരിശോധന ആവശ്യമാണ്. എന്നാൽ, സർച്ചാർജിന്റെ കാര്യത്തിൽ വർഷത്തിലൊരിക്കൽ റെഗുലേറ്ററി കമ്മിഷൻ പരിശോധിച്ചാൽ മതിയെന്ന കേന്ദ്രനിർദേശം കമ്മിഷനുകളുടെ അധികാരത്തിൽ വെള്ളം ചേർക്കുന്നതാണെന്നും കേരളം കേന്ദ്ര ഊർജമന്ത്രാലയത്തെ അറിയിച്ചു.

Leave a Reply