
തലശ്ശേരിയിൽ ദമ്പതികൾക്ക് നേരെ പൊലീസ് അതിക്രമം നടന്ന സംഭവത്തിൽ കേസിൽ പ്രതിയാക്കി ജയിലിൽ അടച്ച പ്രത്യുഷിന് ദേഹമാസകലം പരിക്കേറ്റെന്ന് തെളിയിക്കുന്ന മെഡിക്കൽ രേഖകൾ. പ്രത്യുഷ് തങ്ങളെ ആക്രമിച്ചുവെന്ന പോലീസിന്റെ വാദം പൊളിയുന്നു. ജൂലൈ അഞ്ചാം തീയതിയാണ് തലശ്ശേരി കടൽപ്പാലം കാണാനെത്തിയ മേഖയ്ക്കും പ്രത്യുഷിനും പോലീസിന്റെ ആക്രമണം നേരിടേണ്ടി വന്നത്. ഇടത് കണ്ണിന് താഴെ രക്തം കല്ലിച്ച നിലയിലാണ്. ഇവിടെ ചതവുണ്ട്. ഇടത് കാലിനും വലത് മുട്ടിന് താഴെയും തോളിനും പരിക്കേറ്റ പാടുകളുണ്ട്. വലത് കൈയ്ക്ക് ചതവും, ഇടത് കൈയിലും നെഞ്ചിലും പുറക് വശത്തും ഉരഞ്ഞ പാടുകളും ഉണ്ട്. പ്രത്യുഷിനെ പൊലീസ് മുഷ്ടി ചുരുട്ടി ഇടിച്ചെന്നും ബൂട്ട് കൊണ്ട് ചവിട്ടി എന്നുമായിരുന്നു ഭാര്യയുടെ പരാതി. ദമ്പതികളെ പൊലീസ് ആക്രമിച്ചെന്ന പരാതി ശരിവയ്ക്കുന്ന തരത്തിലുള്ളതാണ് മെഡിക്കൽ സര്‍ട്ടിഫിക്കറ്റിലെ വിവരങ്ങൾ. തലശ്ശേരി എസ്ഐ മനുവിനും സിഐയ്ക്കുമെതിരെയാണ് പരാതി നൽകിയിരിക്കുന്നത്.
ഇരുവരും കടൽപ്പാലത്തിന് അടുത്ത് പോയപ്പോൾ 11 മണിയായി. ഇവിടേയ്ക്ക് പട്രോളിങ്ങിനെത്തിയ പോലീസ് സംഘം എന്തിനാണ് ഇവിടെ നിൽക്കുന്നതെന്നും ഉടൻ പോകണമെന്നും ആവശ്യപ്പെട്ടു. ഇതിനെതിരെ പത്യുഷ് പ്രതികരിച്ചതോടെ തർക്കമായി. ഒരു ജീപ്പ് കൂടി വിളിച്ചു വരുത്തി ഇരുവരേയും എസ്ഐയും സംഘവും ബലമായി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സ്റ്റേഷന് പുറത്ത് വച്ച് തന്നോട് അസഭ്യം പറഞ്ഞുവെന്നും പ്രത്യുഷിനെ അടിച്ചുവെന്നും മേഖ പരാതിയിൽ പറയുന്നു. ഇത് ചോദ്യം ചെയ്തതോടെ പ്രത്യുഷിനെ മർദ്ദിക്കുകയും കേസെടുക്കുകയും ചെയ്തെന്ന് ഭാര്യ മേഘ ആരോപിച്ചിരുന്നു. പൊലീസിനെ ആക്രമിച്ചു, കൃത്യനിർവഹണം തടസ്സപ്പെടുത്തി എന്നീ വകുപ്പുകൾ ചുമത്തിയാണ് പ്രത്യുഷിനെതിരെ കേസെടുത്തത്.