പാലക്കാട് കരിമ്പയിൽ ബസ് സ്റ്റോപ്പിൽ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്നതിന് നാട്ടുകാർ മർദ്ദിച്ചതായ പരാതിയിൽ ഒരാൾ അറസ്റ്റിൽ. മണ്ണാർക്കാട് കരിമ്പ എച്ച് എസ് എസ് ഹൈസ്ക്കൂളിലെ വിദ്യാർത്ഥികൾക്കാണ് മർദ്ദനമേറ്റത്. കരിമ്പ സ്വദേശി സിദ്ദിഖാണ് അറസ്റ്റിലായത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം കൂടുതൽ അറസ്റ്റുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.
ബസ് സ്റ്റോപ്പിൽ പെൺകുട്ടികളും ആൺകുട്ടികളും ഒരുമിച്ചിരുന്നാൽ നിരന്തരം അധിക്ഷേപിക്കുമെന്ന് വിദ്യാർത്ഥികൾ പറയുന്നു. ഇതിനു മുമ്പും നാട്ടുകാർ ഉപദ്രവിച്ചിരുന്നു. മർദനമേറ്റ സംഭവത്തിൽ പൊലീസിൽ ആദ്യം പരാതി നൽകിയെങ്കിലും കേസെടുക്കാൻ തുടക്കത്തിൽ പൊലീസ് തയ്യാറായിരുന്നില്ലെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നുണ്ട്. മർദ്ദനത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സ തേടിയതോടെ മാത്രമാണ് പൊലീസ് കേസെടുത്തതെന്നും പരിക്കേറ്റവർ പറയുന്നു. അധ്യാപകന്റെ മുന്നിലിട്ടാണ് കഴിഞ്ഞ ദിവസം തല്ലിച്ചതച്ചതെന്നും വിദ്യാർത്ഥികൾ പറഞ്ഞു.