Spread the love
വിദ്യാർഥികൾക്കുനേരെ സദാചാരഗുണ്ടായിസം; സർവകക്ഷിയോഗം നാളെ

കല്ലടിക്കോട്: കരിമ്പ ഹയർസെക്കൻഡറിസ്കൂളിലെ വിദ്യാർഥികൾക്കുനേരെ ബസ് കാത്തിരിപ്പുകേന്ദ്രത്തിലുണ്ടായ ആക്രമണത്തിൽ ബുധനാഴ്ച സ്കൂളിൽ സർവകക്ഷിയോഗം ചേരും. തിങ്കളാഴ്ച നടന്ന പി.ടി.എ. നിർവാഹകസമിതി യോഗത്തിലാണ് തീരുമാനം.

ഹൈസ്കൂൾ വിദ്യാർഥികളുടെ രക്ഷിതാക്കളുടെ യോഗവും മർദനമേറ്റ വിദ്യാർഥികളുടെ രക്ഷിതാക്കളുടെ യോഗവും വിളിക്കാനും തീരുമാനമായി. വിദ്യാർഥികളുടെ ആശങ്കയകറ്റി സുരക്ഷിതമായി സ്കൂളിലെത്താനും തിരിച്ചുപോകാനും ആവശ്യമായ നടപടിയെടുക്കുമെന്ന് പ്രിൻസിപ്പലിന്റെ ചുമതലയുള്ള പി. ഭാസ്‌കരൻ അറിയിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ടാണ് പനയംപാടം ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ വിദ്യാർഥികളും നാട്ടുകാരിൽ ചിലരും തമ്മിൽ വാക്കുതർക്കത്തിൽ ഏർപ്പെടുകയും ഉന്തും തള്ളുമായി കലാശിക്കുകയും ചെയ്തത്. വിദ്യാർഥികളിൽ ചിലർക്ക് പരിക്കേൽക്കുകയും ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്‌തു.

നാട്ടുകാരായ അഞ്ചുപേർക്കെതിരേ കല്ലടിക്കോട് പോലീസ് കേസെടുത്ത് ജാമ്യത്തിൽവിട്ടിരുന്നു. ഒരു പി.ടി.എ. അംഗം കുട്ടികളെപ്പറ്റി മോശമായരീതിയിൽ സാമൂഹികമാധ്യമങ്ങളിൽ അവതരിപ്പിച്ചതിൽ, വാക്കുകൾ പിൻവലിച്ച് ഖേദം അറിയിച്ചു. ഹയർ സെക്കൻഡറി വിദ്യാർഥികൾ ഉണ്ടാകുന്ന സമയങ്ങളിൽ ബസ്‌സ്റ്റോപ്പിൽ പോലീസിന്റെയും അധ്യാപകരുടെയും സാന്നിധ്യം ഉറപ്പാക്കാൻ തീരുമാനിച്ചു.

വിദ്യാർഥികളുടെയും അധ്യാപകരുടെയും ആത്മവിശ്വാസം വർധിപ്പിക്കാൻ എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. രാമചന്ദ്രൻ, വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ എച്ച്. ജാഫർ എന്നിവർ അഭ്യർഥിച്ചു.

Leave a Reply