Spread the love
ശബരിമലയില്‍ കൂടുതല്‍ ഇളവ്‍; കുട്ടികള്‍ക്ക് വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഒഴിവാക്കി

ശബരിമലയില്‍ അഞ്ചു വയസിൽ താഴെയുള്ള കുട്ടികൾക്ക് വെർച്വൽ ക്യൂ ബുക്കിങ് ഒഴിവാക്കി. സ്‌പോട്ട് ബുക്കിങ്ങിന് നിലയ്ക്കലിൽ നാല് കൗണ്ടറുകൾ കൂടി പുതിയതായി തുടങ്ങി. 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സ്‌കൂൾ/കോളജ് ഐഡി കാർഡ് ഉപയോഗിച്ച് വെർച്വൽ ക്യൂ ബുക്ക് ചെയ്യാം. 10 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ആർടിപിസിആർ പരിശോധനാ സർട്ടിഫിക്കറ്റ് ആവശ്യമില്ല. മറ്റെല്ലാ തീർഥാടകരും 72 മണിക്കൂറിനുള്ളിലെടുത്ത കോവിഡ് നെഗറ്റീവ് ആർടിപിസിആർ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ രണ്ട് ഡോസ് വാക്‌സിനേഷൻ എടുത്തതിന്റെ സർട്ടിഫിക്കറ്റ് കൊണ്ടുവരണം.

വെർച്വൽ ക്യൂ സൗജന്യമായി ബുക്ക് ചെയ്യുന്നതിനൊപ്പം ദേവസ്വം ബോർഡിന് പണം ഓൺലൈനായി അടച്ച് അപ്പം, അരവണ, അഭിഷേകം ചെയ്ത നെയ്യ്, ഭസ്മം, മഞ്ഞൾ-കുങ്കുമം പ്രസാദങ്ങളും ബുക്ക് ചെയ്യാം. ഒരു ദിവസം പരമാവധി 5,000 പേർക്കാണ് സ്‌പോട്ട് ബുക്കിങ് വഴി ദർശനം അനുവദിക്കുന്നത്. നവംബർ 30 വരെ 2600 പേരാണ് സ്‌പോട്ട് ബുക്കിങ് സൗകര്യം ഉപയോഗപ്പെടുത്തിയത്. വെർച്വൽ ക്യൂവും സ്‌പോട്ട് ബുക്കിങ്ങും സൗജന്യമാണ്.

നിലയ്ക്കലിന് പുറമെ ഒമ്പത് ഇടത്താവളങ്ങളിൽ കൂടി ഇതിന് സൗകര്യമുണ്ട്. എരുമേലി, കുമളി, തിരുവനന്തപുരം ശ്രീകണ്‌ഠേശ്വരം മഹാദേവക്ഷേത്രം, കോട്ടയം ഏറ്റുമാനൂർ ശ്രീ മഹാദേവ ക്ഷേത്രം, വൈക്കം ശ്രീ മഹാദേവ ക്ഷേത്രം, കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രം, പന്തളം വലിയകോയിക്കൽ ക്ഷേത്രം, പെരുമ്പാവൂർ ശ്രീ ധർമ്മശാസ്താ ക്ഷേത്രം, കീഴില്ലം ശ്രീ മഹാദേവ ക്ഷേത്രം എന്നിവിടങ്ങളിലാണ് സ്‌പോട്ട് ബുക്കിംഗ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്.

Leave a Reply