Spread the love

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ മലയാള സിനിമ മേഖലയിലെ പല വിഗ്രഹങ്ങളും വൈകാതെ ഉടയും എന്ന സൂചനകൾ ആണ് സിനിമ നിരീക്ഷകൻ പങ്കുവെക്കുന്നത്. റിപ്പോർട്ടിലെ ഉള്ളടക്കങ്ങളിലൂടെ കണ്ണോടിക്കുമ്പോൾ അടിമുടി സ്ത്രീവിരുദ്ധത നിറഞ്ഞ ഒരു മേഖലയാണ് മലയാള സിനിമ എന്ന് വ്യക്തം. സിനിമയിൽ വേഷങ്ങൾ ലഭിക്കാൻ സ്ത്രീകൾ കിടപ്പറ പങ്കിടണം എന്നതിൽ തുടങ്ങി ഭക്ഷണത്തിലുള്ള വിവേചനം വരെ വിശ്വസിക്കാൻ കഴിയാത്ത കാര്യങ്ങളാണ് പുറത്തുവരുന്നത്. അതിക്രമം കാണിക്കുന്നവരെ സംരക്ഷിക്കുവാനും പ്രത്യേക കൂട്ടമുണ്ടെന്നും വേതനത്തിൽ വലിയ സ്ത്രീ-പുരുഷ വ്യത്യാസം നിലനിൽക്കുന്നുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിച്ചിരുന്നു.

പ്രതിഫലത്തിലെ തുല്യത ഉറപ്പാക്കണം എന്ന് നിർദ്ദേശിച്ച കമ്മീഷൻ പാർവതി മുഖ്യ വേഷത്തിൽ എത്തിയ ടേക്ക് ഓഫ് എന്ന സിനിമയേയും ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നുണ്ട്. ഫഹദ് ഫാസിൽ, ആസിഫ് അലി, പാർവതി എന്നിവർ ആയിരുന്നു സിനിമയിൽ മുഖ്യ കഥാപാത്രങ്ങളെ കൈകാര്യം ചെയ്തിരുന്നത്. ഇതിൽ ഏറ്റവും മുഖ്യ കഥാപാത്രം പാർവതിയുടെതായിരുന്നിട്ടും, രണ്ടാമത്തെ നടനെക്കാൾ കൂടുതൽ സീനുകൾ ഉണ്ടായിരുന്നിട്ടും അർഹിക്കുന്ന വേതനം നടിക്ക് ലഭിച്ചില്ലെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടുന്നു. രണ്ട് നായക കഥാപാത്രങ്ങളെക്കാളും വളരെ കുറഞ്ഞ പ്രതിഫലം മാത്രമാണ് പാർവതിക്ക് ലഭിച്ചത്. പുരുഷ മേധാവിത്വത്തിന്റെ അനന്തരഫലമാണ് ഇത് സൂചിപ്പിക്കുന്നതെന്നും കമ്മീഷൻ പറയുന്നു.

Leave a Reply