ഷോപ്പിയാൻ: കശ്‌മീരിലെ ഷോപിയാനിൽ മൂന്ന് ലഷ്കർ ഇ തൊയ്ബ ഭീകരരെ സൈന്യം വധിച്ചു. ഇവരിൽ നിന്നും ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തു. തിങ്കളാഴ്ച രാത്രി ഏഴ് മണിക്ക് ശേഷം ആരംഭിച്ച ഏറ്റുമുട്ടൽ ഒൻപത് മണിക്കൂർ നീണ്ടു. ഷോപിയാനിലെ ഖെരിപോരയിൽ ഏറ്റുമുട്ടൽ തുടരുകയാണെന്നാണ് റിപ്പോർട്ട്.
തിങ്കളാഴ്ച പുഞ്ച് ജില്ലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലിൽ മലയാളി സൈനികനുൾപ്പെടെ ഒരു സൈനിക ഉദ്യോഗസ്ഥനും നാല് സൈനികരും കൊല്ലപ്പെട്ടിരുന്നു. രാജ്യത്തേക്ക് നുഴഞ്ഞുകയറിയ ആയുധധാരികളായ അഞ്ചോളം ഭീകരരെ കണ്ടെത്താൻ നടത്തിയ തെരച്ചിലിനിടെയാണ് വെടിവയ്പുണ്ടായത്. കഴിഞ്ഞ ഒൻപത് മാസത്തിനിടെ പുഞ്ച്, രജൗരി ജില്ലകളിൽ ഭീകരരുടെ ആക്രമണങ്ങൾ നടക്കുകയാണ്.