Spread the love
ജനവാസ മേഖലയില്‍ നിന്ന് പിടികൂടിയത് 12 ലധികം പാമ്പുകളെ

വണ്ടൂരിലാണ് ഈ സംഭവം. കഴിഞ്ഞ ഒരു മാസത്തിനിടെ ജനവാസ മേഖലയില്‍ നിന്ന് പിടികൂടിയത് 12 ലധികം പാമ്പുകളെ. ഇതില്‍ അധികവും മൂര്‍ഖന്‍ പാമ്പുകളാണെന്നതാണ് അപകടകരം. മഴ ശക്തമായതോടെ നാട്ടിന്‍ പുറങ്ങളില്‍ ഇഴജന്തുക്കളുടെ ശല്യം വര്‍ധിക്കുന്നതായി പരാതിയുയരുകയാണ്.

വീടിന് സമീപത്തായുള്ള കോഴിക്കൂട്, കൂട്ടിയിട്ട വിറകുകള്‍, വീടിന്റെ ഉമ്മറപ്പടിയിലിടുന്ന ചവിട്ടി, വീടിനോടു ചേര്‍ന്ന റബര്‍ത്തോട്ടം എന്നിവിടങ്ങളിലാണ് ഇവിടെ പതിവായി പാമ്പുകളെ കണ്ടുവരുന്നത്. മഴ ശക്തമായതോടെ രാവും പകലും നടുവത്ത് സ്വദേശിയും പാമ്പ് പിടുത്തക്കാരനുമായ മണികണ്ഠ കുമാറിന് തിരക്കോട് തിരക്കാണ്.

അധികവും പിടികൂടേണ്ടത് പെരുമ്പാമ്പിനേയും, മൂര്‍ഖനേയുമാണ്. ഇതിൽ തന്നെ അധികവും മൂര്‍ഖന്‍ ആണെന്നതാണ് ഏറെ അപകടകരമായ കാര്യം. വീടിനു സമീപം, ആരെങ്കിലും പാമ്പിനെ കണ്ടാല്‍ തങ്ങളെ വിവരമറിയിക്കണമെന്നാണ് വണ്ടൂര്‍ ട്രോമാ കെയര്‍ അംഗവും, സ്‌നേക്ക് റെസ്‌ക്യൂവറുമായ മണികണ്ഠ കുമാര്‍ പറയുന്നത്. പിടികൂടുന്ന പാമ്പടക്കമുള്ള ജീവികളെ വനപാലകര്‍ക്ക് കൈമാറുകയാണ് ഇദ്ദേഹം ചെയ്യുന്നത്. ഇവര്‍ നിലമ്പൂര്‍ വനമേഖലയില്‍ പാമ്പിനെ തുറന്നുവിടും.

മഴക്കാലമായതോടെ ധാരാളമായി പാമ്പുകളെ കാണുന്നുണ്ടെങ്കിലും ഇതുവരെ ആര്‍ക്കും കടിയേറ്റിട്ടില്ല. വീടിനോട് ചേര്‍ന്ന് അപകടകരായ സാഹചര്യങ്ങളില്‍ പാമ്പിനെ കാണുന്ന സംഭവങ്ങള്‍ ഇതിനോടകം നിരവധി തവണ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പാമ്പുകളെ ധാരാളമായി കാണുന്നതിനാല്‍ രാത്രിയില്‍ പുറത്തിറങ്ങാന്‍ പോലും ജനങ്ങള്‍ ഭയപ്പെടുന്നുണ്ട്

Leave a Reply