ഉരുൾപൊട്ടലിനെ തുടർന്ന് ദുരിത കടലായ വയനാടിന്റെ രക്ഷാപ്രവർത്തനങ്ങളിൽ കൂടുതൽ വിശദീകരണവുമായി വയനാട് ജില്ലാ കലക്ടർ മേഘ ശ്രീ. കൂടുതൽ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് ദുരന്തഭൂമികളിൽ തിരച്ചിൽ നടത്തും. സ്ഥലത്തെ കാലാവസ്ഥ ഇപ്പോൾ അനുകൂലമാണെന്നും മഴ കൂടുതൽ ശക്തമാകുമെങ്കിൽ മാത്രമേ ഇത് രക്ഷാപ്രവർത്തനത്തെ ബാധിക്കൂവെന്നും കലക്ടർ വ്യക്തമാക്കി.
നിലവിൽ ആറ് സോണുകളായാണ് രക്ഷാപ്രവർത്തനം നടക്കുന്നതെന്നും എല്ലാ സോണുകളിലും സേനകളെയും 1376 രക്ഷാപ്രവർത്തകരെയും, ഇവരെ കൂടാതെ വളണ്ടിയർമാരെയും വിന്യസിപ്പിച്ചിട്ടുണ്ടെന്നും കലക്ടർ കൂട്ടിച്ചേർത്തു.
ഡ്രോൺ ഉപയോഗിച്ച് ദുരന്തഭൂമിയുടെ ചിത്രങ്ങൾ എടുത്തിരുന്നു ഈ ചിത്രങ്ങൾ ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനവും കൂടാതെ സ്ഥലത്ത് ഉണ്ടായിരുന്നവരുടെ മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് ലൊക്കേഷൻ കണ്ടെത്തിയുള്ള തിരച്ചിലും നടക്കും. വിഷയത്തിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ കൃത്യമായ ആക്ഷൻ പ്ലാൻ തയ്യാറാക്കിയിരുന്നു.
അപകട സാധ്യത തോന്നുന്ന സ്ഥലങ്ങളിലുള്ള എല്ലാ ആളുകളെയും മാറ്റി പാർപ്പിച്ചു. ക്യാമ്പുകളിൽ കഴിയുന്നവർക്ക് ആവശ്യമായ സാധനങ്ങൾ എത്തിക്കുന്നുണ്ട്. പോളിടെക്നിക് കോളേജിൽ ഭക്ഷണം പാചകം ചെയ്യുന്നതിനായുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അവിടെ പാചകം ചെയ്ത് കഴിഞ്ഞാൽ മറ്റിടങ്ങളിലേക്ക് എത്തിക്കും. ആഹാരത്തിന്റെ കാര്യത്തിൽ ഒരു ബുദ്ധിമുട്ടുകളുമില്ലെന്നും കളക്ടർ പറഞ്ഞു.