
ദില്ലി: രാജ്യത്ത് കഴിഞ്ഞ ആറ് വർഷത്തിനിടെ മൂന്ന് ലക്ഷത്തിലധികം കുട്ടികളെ കാണാതായെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി. 2.7 ലക്ഷം കുട്ടികളെ കണ്ടെത്തിയിട്ടുണ്ടെന്നും സ്മൃതി പാർലമെന്റിനെ അറിയിച്ചു. 2015 മുതൽ 2020 വരെയുള്ള കണക്കുകൾ ആവശ്യപ്പെട്ടുകൊണ്ടുള്ള ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അവർ.
2015-ൽ 80,633 കുട്ടികളെ കാണാതായി. എന്നാൽ 2020ൽ അത് 39,362 ആയി കുറഞ്ഞു. 2019ൽ 49,267 കുട്ടികളെ കാണാതായി, അതിൽ 44,289 പേരെ കണ്ടെത്തി. 2018-ൽ 48,873 കുട്ടികളെ കാണാതാവുകയും 40,296 കുട്ടികളെ രക്ഷപ്പെടുത്തുകയും ചെയ്തു. രാജ്യത്ത് കാണാതാകുന്ന കുട്ടികളുടെ എണ്ണം കുറഞ്ഞു വരികയാണെന്നും മന്ത്രി പറഞ്ഞു.
രാജ്യത്തെ വിവധ പ്രദേശങ്ങളിൽ നിന്ന് കാണാതായ കുട്ടികളെയും പിന്നീട് കണ്ടെത്തിയവരെയും സംബന്ധിച്ച വിവരങ്ങൾ അറിയുന്നതിന് മന്ത്രാലയം ‘ട്രാക്ക് ദി മിസ്സിംഗ് ചൈൽഡ്’ എന്ന പോർട്ടൽ ഉണ്ടാക്കിയിട്ടുണ്ട്. പൊലീസ് സ്റ്റേഷനുകൾ, ജുവനൈൽ ജസ്റ്റിസ് ബോർഡുകൾ, ശിശു സംരക്ഷണ സ്ഥാപനങ്ങൾ എന്നിവ കാണാതാകുന്ന കുട്ടികളെയും കണ്ടെത്തിയവരെയും കുറിച്ചുള്ള വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നുണ്ടെന്നും സ്മൃതി പറഞ്ഞു.