
ആരോഗ്യ വകുപ്പ് ആസ്ഥാനത്ത് അഞ്ഞൂറിലധികം പ്രധാന ഫയലുകള്‍ കാണാതായി. കോവിഡ് പശ്ചാത്തലത്തില്‍ ടെന്‍ഡര്‍ ഒഴിവാക്കി കോടിക്കണക്കിന് രൂപയുടെ മരുന്നും മെഡിക്കല്‍ ഉപകരണങ്ങളും മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍വഴി വാങ്ങിയത് വിവാദമായതിനു പിന്നാലെയാണ് ഫയലുകള്‍ കാണാതായിരിക്കുന്നത്. നഷ്ടമായ ഫയലുകള്‍ എത്രയെന്ന് കൃത്യമായ കണക്കില്ലെങ്കിലും അഞ്ഞൂറിലധികം വരുമെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പോലീസിനെ അറിയിച്ചത്. സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് ആവശ്യമായ മരുന്നും ഉപകരണങ്ങളും വാങ്ങാന്‍ തയ്യാറാക്കിയ ഇന്‍ഡന്റുമുതല്‍ ഓഡിറ്റ് നിരീക്ഷണങ്ങള്‍വരെ അടങ്ങിയ അലമാരകളിലും ഷെല്‍ഫിലും സൂക്ഷിച്ചിരുന്ന അഞ്ഞൂറിലധികം ഫയലുകളാണ് കാണാതായിരിക്കുന്നത്. ആരോഗ്യവകുപ്പ് ഡയറക്ടര്‍ സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയതിനെത്തുടര്‍ന്ന് കന്റോണ്‍മെന്റ് പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷനില്‍നടന്ന ക്രമക്കേടുകളുമായി ആരോഗ്യവകുപ്പ് ആസ്ഥാനത്തെ ഫയല്‍ കാണാതായ സംഭവത്തിന് ബന്ധമുണ്ടോ എന്നതും വിജിലന്‍സ് അന്വേഷിക്കുന്നുണ്ട്.