മൊബൈൽ ഉപയോഗിച്ചതിന് അമ്മ വഴക്കുപറഞ്ഞു; 11 കാരി സഹോദരൻന്റെ തൊട്ടിൽക്കയറിൽ തുങ്ങി മരിച്ചു
മണ്ണാര്‍ക്കാട്: പതിനൊന്നുകാരിയെ വീട്ടില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മണ്ണാര്‍ക്കാട് എളമ്പുലാശ്ശേരിയിലെ വീട്ടിലാണ് കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വാക്കടപ്പുറം മുരളീധരന്റെ മകളാണ് സഹോദരൻന്റെ തൊട്ടില്‍ക്കയറില്‍ തുങ്ങി മരിച്ചത്. എളമ്പുലാശ്ശേരി യുപി സ്കൂളിൽ ആറാം ക്ലാസ് വിദ്യാർഥിനിയാണ് അർച്ചന.
ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനിടെ അമ്മ രാധിക ഇത് രാവിലെ വാങ്ങി വച്ചിരുന്നു. തുടർന്ന് ഉച്ചക്ക് നൽകിയ ഭക്ഷണം ഇഷ്ടപ്പെടാത്തതിൽ അമർഷം പൂണ്ടാണ് അർച്ചന ആത്മഹത്യയിലേക്ക് നീങ്ങിയത്.
വീട്ടിലെ മുറിക്കുള്ളിൽ കയറിയ അർച്ചന വാതിലും ജനലുകളും അടച്ച് ഉത്തരത്തിൽ ഘടിപ്പിച്ചിട്ടുള്ള കൊളുത്തിൽ കയറിട്ട് തൂങ്ങി ജീവനൊടുക്കുകയായിരുന്നു. അർച്ചനയുടെ രണ്ട് വയസ്സുള്ള സഹോദരൻ അർജുന് വേണ്ടിയുള്ള തൊട്ടിലിന്റെ കയറാണ് ഉപയോഗിച്ചത്. വിവരം അറിഞ്ഞു അമ്മ വാതിലിൽ അടിച്ചു പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അർച്ചന ചെവിക്കൊണ്ടില്ല.
തുടർന്ന് അയൽവാസികൾ എത്തി വാതിൽ ചവുട്ടി പൊളിച്ചാണ് അകത്തെത്തിയത്. സമീപത്തെ ആശുപത്രിയിൽ എത്തിക്കുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു.