മൂന്നര വയസ്സുകാരിയെ പുഴയിലെറിഞ്ഞു കൊന്ന കേസില്‍ അറസ്റ്റിലായ അമ്മയുടെ മൊഴിയില്‍ സംശയം തീരാതെ പോലീസ്. ”ഞാന്‍ മോളെ പുഴയിലിടാന്‍ പോയി” എന്നാണ് പോലീസിന്റെ ചോദ്യത്തിന് അമ്മ നല്‍കിയ മറുപടി. പലവട്ടം ചോദിച്ചപ്പോഴും ഭാവവ്യത്യാസങ്ങളൊന്നുമില്ലാതെ ഇതു തന്നെയാണ് അവര്‍ ആവര്‍ത്തിച്ചു പറഞ്ഞത്. ഇതോടെ അമ്മയുടെ മാനസികനിലയില്‍ നേരത്തേതന്നെ സംശയമുണ്ടായിരുന്ന പോലീസ് ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണത്തിലേക്ക് നീങ്ങുകയാണ്.
അച്ഛന്റെ അടുത്ത ബന്ധുവാണ് കുട്ടിയെ പീഡിപ്പിച്ചിരുന്നതെന്നു കണ്ടെത്തിയ പോലീസിന് പക്ഷേ, ഇക്കാര്യം അമ്മയ്ക്ക് അറിയാമായിരുന്നോയെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. പീഡന വിവരം സംബന്ധിച്ച ഒന്നും ഇതുവരെ അമ്മ പോലീസിനോട് പറഞ്ഞിട്ടില്ല. അത്തരമൊരു സാഹചര്യത്തില്‍ അമ്മ എന്തിനാകാം കുട്ടിയെ പുഴയിലെറിഞ്ഞതെന്നതാണ് പോലീസിനെ അലട്ടുന്നത്. ചോദ്യങ്ങള്‍ക്ക് അമ്മ പറയുന്ന മറുപടി തന്നെയാണ് അവരുടെ മാനസികാരോഗ്യ നിലയില്‍ പോലീസിന് സംശയമുണ്ടാക്കുന്നത്.
പോലീസിന് ഇക്കാര്യത്തില്‍ അമ്മയില്‍നിന്ന് ലഭിക്കുന്ന മൊഴികള്‍ ഏറെ നിര്‍ണായകമാണ്. ഒരു വര്‍ഷത്തിലേറെയായി പ്രതി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. അങ്ങനെയാണെങ്കില്‍ ഇത്രയുംകാലം അത് അമ്മ അറിഞ്ഞില്ലെന്നത് പോലീസിന് വിശ്വസനീയമല്ല.കുട്ടിയുടെ മാതാപിതാക്കള്‍ തമ്മിലുള്ള അസ്വാരസ്യം മൂലം കുടുംബാന്തരീക്ഷം കുത്തഴിഞ്ഞ നിലയിലായിരുന്നെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇത് പ്രതി മുതലെടുക്കുകയായിരുന്നുവെന്നാണ് പോലീസ് കരുതുന്നത്. കുട്ടിക്ക് ഏറെ അടുപ്പമുണ്ടായിരുന്നയാളാണ് പ്രതിയെന്ന് അയല്‍വാസികളും പറയുന്നു.
കുട്ടിയുടെ അമ്മ ഭര്‍തൃപീഡനം നേരിട്ടിരുന്നതായി യുവതിയുടെ അമ്മ പറഞ്ഞിരുന്നു. മകളെ ഭര്‍ത്താവ് മര്‍ദിക്കുമായിരുന്നുവെന്നാണ് അവരുടെ പരാതി. ഇക്കാര്യങ്ങളും പോലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. കസ്റ്റഡിയില്‍ വാങ്ങിയ അമ്മയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനൊപ്പം പോലീസ് വൈദ്യപരിശോധനയ്ക്കും ഹാജരാക്കും.വെള്ളിയാഴ്ച ഇവരുമായി പുത്തന്‍കുരിശിലെ ഭര്‍ത്താവിന്റെ വീട്, മൂഴിക്കുളത്ത് കുട്ടിയെ പുഴയിലേക്ക് വലിച്ചെറിഞ്ഞ പാലം, സ്വന്തം വീട് എന്നിവിടങ്ങളില്‍ തെളിവെടുപ്പ് നടത്തും.